പറവൂർ : ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. ഏഴിക്കര, ആലങ്ങാട്, കരുമാല്ലൂർ, വെളിയത്തുനാട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലാണ് പതിനാലിന് രാത്രിയിൽ ചുഴലിക്കാറ്റ് നാശംവിതച്ചത്. ഈ പ്രദേശങ്ങളിലെ മത്സ്യബന്ധന ഉപാധികളായ ചീനവലകളും വാഴ ഉൾപ്പെടെയുള്ളവയും വ്യാപകമായി നശിച്ചു. വീടുകളിൽ ചിലത് പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. മൂന്ന് കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഈ പ്രദേശങ്ങളിൽ റവന്യു, കൃഷി, ഫിഷറീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണം. ഇന്നത്തെ പ്രത്യേക പരിതസ്ഥിതിയിൽ തൊഴിലും വരുമാന മാർഗങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ നഷ്ടം നികത്തുന്നതിനും വീടുകൾ തകർന്നവർക്കും അടിയന്തര സഹായം നൽകാനും സർക്കാർ നടപടി സ്വീകരിക്കണം. മന്ത്രിസഭയിൽ ജില്ലയുടെ പ്രത്യേക ചുമതലയുള്ള കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനോട് ബന്ധപ്പെട്ട സ്ഥലങ്ങളിൽ അടിയന്തരമായി സന്ദർശിക്കാൻ ആവശ്യപ്പെട്ടതായും പി.രാജു പറഞ്ഞു.