കൊച്ചി: രണ്ടര മണിക്കൂർ കൊണ്ട് കൊവിഡ് സ്ഥിരീകരിക്കാൻ എറണാകുളം മെഡിക്കൽ കോളേജിൽ സംവിധാനമായി. റിയൽ ടൈം റിവേഴ്‌സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ പരിശോധന (ആർ.ടി.പി.സി.ആർ) ഇന്ന് ആരംഭിക്കും.

ദിവസേന 180 സാംപിളുകൾ ലാബിൽ പരിശോധിക്കാൻ സാധിക്കുമെന്ന് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ജെ. ലാൻസി പറഞ്ഞു. രണ്ട് പി.സി.ആർ ഉപകരണങ്ങൾ സ്ഥാപിച്ചു. ഒന്നേകാൽ കോടി രൂപയാണ് ചെലവായത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം നേ‌ടിയ ഡോക്ടർമാർക്കാണ് ലാബിന്റെ ചുമതല.

ബാംഗ്ലൂർ, ചെന്നൈ എന്നീ സ്ഥലങ്ങളിൽ നിന്ന് പരിശോധനയ്ക്കാവശ്യമായ സംയുക്തങ്ങൾ എത്തിച്ചു.

പി.ടി.തോമസ് എം.എൽ എയുടെ വികസന ഫണ്ടിൽ നിന്ന് 27.57 ലക്ഷം രൂപ ചെലവിൽ ബയോസേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്ന് 36 ലക്ഷം രൂപ ചെലവിൽ പരിശോധന കിറ്റുകളും ലാബിലേയ്ക്ക് നൽകി.

മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.ജെ ലാൻസിയുടെ നേതൃത്വത്തിൽ ഡോ.ജോന, ഡോ. ഇന്ദു, ടെക്‌നീഷ്യൻമാരായ വിപിൻദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യൻ, അർച്ചന എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകും.

ജില്ലാ കളക്ടർ എസ്. സുഹാസ്, ഡി.എം.ഒ എം.കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ മാത്യുസ് നുമ്പേലി, അഡീഷണൽ ഡി.എം.ഒ ഡോ. വിവേക് തുടങ്ങിയരുടെ നേതൃത്വത്തിലാണ് സാമഗ്രികൾ എത്തിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് പീറ്റർ പി.വാഴയിൽ, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. തോമസ് മാത്യു ആർ.എം.ഒ ഡോ. ഗണേശ് മോഹൻ, എ.ആർ.എം.ഒ ഡോ.മനോജ്, ഡോ നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിൽ ലാബ് സജ്ജീകരിച്ചു.


# പരിശോധന അഞ്ചു ഘട്ടങ്ങളിൽ

അഞ്ചു മുറികളിൽ ആദ്യത്തേത് സാമ്പിൾ കൈപ്പറ്റുന്നതിനും റിപ്പോർട്ട് പ്രിന്റിംഗിനും.

ആദ്യഘട്ടം ആരംഭിക്കുന്നത് സാമ്പിൾ പ്രോസസിംഗ് റൂമിൽ. മൂന്നു ലക്ഷം രൂപ വിലയുള്ള സേഫ്റ്റി കാബിനറ്റ് ഇവിടെയുണ്ട്.

അടുത്ത യൂണിറ്റിൽ ആർ.എൻ.എ എക്‌സ്ട്രാറ്റ് ചെയ്യൽ.

മാസ്റ്റർ മിക്സ് റൂമിൽ അടുത്ത ഘട്ട പ്രോസസിംഗ് നടത്തും.

റിയൽ ടൈം പി.സി.ആർ എന്ന അവസാന ഘട്ടത്തിലാണ് കോവിഡ് പരിശോധന പൂർണമാകുന്നത്.