y-con
യൂത്ത് കോൺഗ്രസ് നേതാക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ ഡെപ്യൂട്ടി ഡി.എം.ഒയെ ഉപരോധിച്ചപ്പോൾ

ആലുവ: ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ച അന്യസംസ്ഥാന തൊഴിലാളിയെ വിദഗ്ദ്ധ ചികിത്സക്കെന്ന പേരിൽ ജനറൽ ആശുപത്രിയിലേക്ക് മടക്കി മൃതദേഹത്തോട് അനാദരവ് കാട്ടിയ ഡോക്ടർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെപ്യൂട്ടി ഡി.എം.ഒയെ ഉപരോധിച്ചു.

സംഭവദിവസം തന്നെ അൻവർ സാദത്ത് എം.എൽ.എ അടക്കമുള്ളവർ ബന്ധപ്പെട്ടവരെ പരാതി അറിയിച്ചെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഭരണപക്ഷത്തെ ചിലർ ഡോക്ടറെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ഇതേത്തുടർന്നാണ് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ ജില്ലാ ആശുപത്രിയിലെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സവിതയെ ഉപരോധിച്ചത്. ലോക്ക് ഡൗണിന്റെ ഭാഗമായി സർക്കാർ നിർദേശങ്ങൾ പാലിച്ച് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധത്തിനെത്തിയത്.

സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുൾ മുത്തലിബ് ഡെപ്യൂട്ടി ഡി.എം.ഒ യുമായി സംസാരിച്ചതിനെ തുടർന്ന് ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിഎംഒ ക്ക് സമർപ്പിക്കുമെന്ന് അറിയിച്ചു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് അബ്ദുൾ മുത്തലിബ് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, കെ.എസ്. മുഹമ്മദ് ഷെഫീക്ക് എന്നിവരാണ് ഉപരോധം നടത്തിയത്.

അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാഡോക്ടർ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ഗോപാൽ പഗാലിയയുടെ മരണം സ്ഥിരീകരിച്ച ശേഷവും വന്ന ഓട്ടോറിക്ഷയിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.

ഡോക്ടർക്കെതിരെ നടപടി വേണം: എം.എൽ.എ

മൃതദേഹത്തോട് അനാദരവ് കാട്ടിയ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എം.എൽ. ആരോഗ്യവകുപ്പ് മന്ത്രിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച സംഭവം ഉണ്ടായയുടൻ ഡി.എം.ഒയോട് നടപടിയാവശ്യപ്പെട്ടെങ്കിലും വൈകിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.