കൊച്ചി: വീട്ടുകാരുടെ അനുഗ്രഹത്തോടെ നാട്ടുകാരറിഞ്ഞ് പ്രണയിനി രാജശ്രീയുടെ കരം ഗ്രഹിക്കണമെന്നായിരുന്നു ചെറായി പെരുന്തേടത്ത് നോബൽ കുമാറിന്റെ ആഗ്രഹം. അതു പോലെ കാര്യങ്ങളെല്ലാം നീങ്ങി, മാർച്ച് 29ന് വിവാഹം നിശ്ചയിച്ചിരിക്കുമ്പോഴാണ് കൊവിഡ് പ്രണയകഥയിലെ വില്ലനായത്. അങ്ങി​നെ വിവാഹം നീട്ടിവയ്ക്കാൻ തീരുമാനിച്ചു.

എറണാകുളം ലാ കോളേജിൽ എൽ.എൽ.ബി പഠനം പൂർത്തിയാക്കി, പൊതുപ്രവർത്തനത്തിൽ കേന്ദ്രീകരിച്ച നോബലിന് ലോക്ക് ഡൗൺ കാലത്ത് വെറുതെ ഇരിക്കാനാകുമായിരുന്നില്ല. അങ്ങനെയാണ് കല്ല്യാണച്ചെലവിന് മാറ്റിവെച്ച തുക പാവങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. തന്റെ വാർഡിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് തന്നാലാവുന്ന സഹായം എത്തിക്കാനുള്ള ഓട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ. കരുതിവെച്ച പണം തീർന്നിട്ടും ആവശ്യക്കാരുടെ എണ്ണം കൂടുകയാണ്.

കരളലിയിച്ച് ആരാധ്യയും ആരാധ്യനയും

പാവങ്ങളുടെ വീടുകൾ തോറുമുള്ള ഓട്ടത്തിനിടയിൽ നോബലിനെ ഏറെ സങ്കടപ്പെടുത്തിയത് രണ്ട് കുരുന്നുകളാണ്. പള്ളിപ്പുറം കോവിലകത്തുംകടവിൽ തണ്ടാശേരി ശിവന്റെ പേരക്കുട്ടികളായ ആരാധ്യനയും ആരാധ്യയും. രണ്ടുവർഷം മുമ്പ് അമ്മ കൃഷ്ണപ്രിയയും പി​ന്നാലെ അച്ഛൻ അഭിലാഷും ആത്മഹത്യ ചെയ്തതോടെ 2 വയസും, ഏഴു മാസവും പ്രായമുള്ള കുഞ്ഞുങ്ങൾ മുത്തച്ഛൻ ശിവന്റെ തണലിലാണ്. തൊട്ടടുത്തെ പുഴയിൽ വെള്ളം കയറുമ്പോൾ വീടും വെള്ളത്തിലാവും. എങ്കിലും കയറിക്കിടക്കാമെന്ന് ആശ്വാസമാകുന്ന വീട് ജപ്തിഭീഷണിയിലാണ്. തട്ടുകടയായിരുന്നു ശിവന്റെ ഏക വരുമാനമാർഗം.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ചു. ഇവരുടെ ഗതികേട് സുഹൃത്താണ് നോബലിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നത്. കല്ല്യാണച്ചെലവിനായി പലരോടായി കടം വാങ്ങിയ പണം മാത്രമായിരുന്നു അപ്പോൾ നോബലിന്റെ കയ്യിലുണ്ടായത്. ശിവനും ഭാര്യ പ്രമീളയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഒരുമാസം വേണ്ട ആവശ്യവസ്തുക്കളും പഴങ്ങളും പലഹാരങ്ങളുമാണ് നോബൽ എത്തിച്ചത്. സുമനസുകൾ കുടുംബത്തെ കരകയറാൻ സഹായിക്കണമെന്നുമുള്ള അപേക്ഷയാണ് നോബലിനുള്ളത്.