കൊച്ചി : മഴക്കാലം തുടങ്ങുന്നതിനുമുമ്പ് വെെറ്റില ഫ്ളെെ ഓവർ നിർമ്മാണം പൂർത്തിയാക്കാൻ തീവ്രശ്രമം ആരംഭിച്ചെങ്കിലും സിമന്റ് എത്തിക്കാൻ സാധിക്കാതെയായതോടെ കോൺക്രീറ്റിംഗ് ജോലികൾ നിലച്ചു. സർക്കാർ പ്രത്യേക അനുമതി നൽകിയാണ് നിർമ്മാണം ഏതാനും ദിവസം മുമ്പ് പുനരാരംഭിച്ചത്.

തമിഴ്നാട്ടിലെ കമ്പനികളിൽ സിമന്റ് ലഭ്യമാണെങ്കിലും അതിർത്തി ചെക്ക് പോസ്റ്റ് കടത്തി എത്തിക്കാൻ സർക്കാരിന്റെ ഇടപെടൽ കൂടിയേ തീരൂ. മെറ്റലും മണലും എത്തിക്കണം. ഇനി നാലു സ്ളാബുകൾ കൂടി മാത്രമേ പൂർത്തിയാക്കാനുള്ളു. സ്ളാബ് പൂർത്തിയായാൽ ടാറിംഗിലേക്ക് കടക്കാം. ക്രഷറുകൾക്ക് പ്രത്യേക അനുമതി നൽകിയലേ മെറ്റലും മണലും എത്തിക്കാൻ കഴിയൂവെന്ന് കരാറുകാർ പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയാലേ ക്രഷറുകളിൽ പണി നടത്താൻ കഴിയൂ.

ഒരാഴ്ചയായി മുപ്പതോളം അന്യ സംസ്ഥാന തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിരുന്നു. തൊഴിലാളികൾ സ്ഥലത്തുണ്ടെങ്കിലും ടാറിംഗ് ജോലികൾ ആരംഭിക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ എത്തണം.

# നിർമ്മാണം ഇതുവരെ .

ഫ്ളൈ ഓവറിന്റെ വീതി 27.2 മീറ്റർ.

സുബ്രഹ്മണ്യ ക്ഷേത്രഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിംഗ് ഒഴികെ പൂർത്തിയായി.

വെെറ്റില പാലത്തിന്റെ സമീപത്തെ അപ്രോച്ച് റോഡിന്റെ അരികു ഭിത്തികൾ പൂർത്തിയായി. ടാറിംഗ് ഉടൻ പൂർത്തിയാക്കും.

നിർമ്മാണം പൂർത്തിയായ ഭാഗങ്ങൾ പെയിന്റടിച്ചു.

സ‌്പാനുകൾ മുഴുവൻ സ്ഥാപിച്ചു.

പൈൽ ക്യാപ്പുകൾ പൂർത്തിയായി.

ആകെ ഗർഡറുകൾ 116.

പൈലുകൾ 140

തൂണുകൾ 34

# ഇനി വേണ്ടത്

നാല് സ്ളാബുകൾ കൂടി വാർക്കണം.

അപ്രോച്ച് റോഡുകളുടെ മിനുക്കുപണികൾ

പാലം ടാറിംഗ് നടത്തി മാസ്റ്റിക് ടാറിംഗും പൂർത്തിയാക്കണം.

കെെവരികളുടെ നിർമ്മാണം പൂർത്തിയാക്കണം.

# ചെലവ് : 78 കോടി.

പൂർത്തിയായത് 85 ശതമാനം

ഫണ്ട് നൽകുന്നത് കിഫ്ബി.

മേൽനോട്ടം: പൊതുമരാമത്ത്‌ വകുപ്പ്

# സർക്കാർ ഇടപെടൽ അനിവാര്യം

നിർമ്മാണ സാമഗ്രികൾ ലഭ്യമായാൽ മേയ് പകുതിക്കു മുമ്പായി ഫ്ളൈ ഓവർ പണി പൂർത്തീകരിക്കാൻ കഴിയും. ടാറും കമ്പിയും മറ്റു സെെറ്റുകളിൽ നിന്ന് ലഭ്യമാക്കാമെന്ന നിലപാടിലാണ് കരാറുകാർ. തൊഴിലാളികൾ ആവശ്യത്തിനുണ്ട്. മറ്റു ശല്യങ്ങളൊന്നുമില്ലാത്തതിനാൽ സുഗമമായി പണി നടക്കുമായിരുന്നു. സാധന സാമഗ്രികൾ ലഭ്യമായാൽ സർവീസ് റോഡുകളുടെ ടാറിംഗും മഴയ്ക്കു മുമ്പേ പൂർത്തിയാക്കാം. സർക്കാരിന്റെ പ്രത്യക ഇടപെടൽ അനിവാര്യാണ്.

സി. ജയരാജ്

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ

ദേശീയപാത വിഭാഗം