കൊച്ചി: കൊച്ചി കോർപ്പറേഷന്റെ വിവിധ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തുവരുന്ന കരാറുകാർക്ക് 4.3 കോടി രൂപ നൽകുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശിക കോടികൾ കടന്നതോടെ കരാറുകാർ പുതിയ ടെൻഡറുകൾ ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത് റോഡുപണി ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളെയും അവതാളത്തിലാക്കിയിരുന്നു.സമൂഹ അടുക്കളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബില്ലുകൾ അടിയന്തര പ്രാധാന്യത്തോടെ പാസാക്കി നൽകുമെന്ന് മേയർ പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികൾ അടിയന്തരമായി നടത്തേണ്ടതിനാൽ നഗരസഭ പരിധിയിലെ കർഫ്യു നിയന്ത്രണങ്ങളിൽ നിന്ന് നഗരസഭ നടത്തുന്ന വെള്ളക്കെട്ട് പ്രവൃത്തികളെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ പറഞ്ഞു.