പറവൂർ : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സേനയിൽ ഉൾപ്പെട്ട് പാസ് ലഭിച്ച മൂന്നുപേർ ക്രിമിനൽ കേസുകളിൽ പ്രതികൾ. ഇവരെ നീക്കം ചെയ്യണമെന്നും തെറ്റായ സത്യവാങ്മൂലം നൽകിയതിന് നിയമനടപടി സ്വീകരണക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷീജു മുഖ്യമന്ത്രിക്ക് പരാതി നൽകി.

എസ്.ഡി.പി.ഐ നേതാക്കളായ മൂന്നുപേർക്കാണ് സന്നദ്ധ സേനയിൽ പാസ് ലഭിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ ഇവരെത്തി പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യത്തിലധികം സേനാംഗങ്ങൾ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവർ ക്ഷുഭിതരാകുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ കത്ത് നൽകി. ഇന്നലെ ലഭിച്ച മറുപടി കത്തിൽ ഇവർ മൂന്നുപേർക്കും ഒന്നിലേറെ ക്രിമിനൽ കേസുകളുണ്ടെന്ന് വിവരം ലഭിച്ചു. സന്നദ്ധ സേനാംഗങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രഷൻ സത്യവാങ്മൂലത്തിൽ ഇവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം നൽകിയതെന്ന് ബോദ്ധ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. രണ്ടു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച കേസുകളുടെ വിവരങ്ങളും മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.