ആലുവ:അടുക്കളത്തോട്ടത്തിൽ നിന്ന് നൂറുമേനി വിളവെടുത്താണ്എസ്.പി കെ. കാർത്തിക് വിഷുവിനെ വരവേറ്റത്.
കെ. കാർത്തിക് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ് ക്യാമ്പ് ഓഫീസിൽ താമസമാക്കിയ ഉടനെ ചെയ്ത ജോലികളിലൊന്ന് അടുക്കളത്തോട്ടം നിർമ്മിക്കലായിരുന്നു. ഗ്രോബാഗ് സംഘടിപ്പിച്ച് ജൈവവളമിട്ടാണ് കൃഷി ആരംഭിച്ചത്. നല്ലയിനം വിത്തുകൾ കൊണ്ടുവന്ന് പാകി. കത്തിരി , വെള്ളരി, കാബേജ്, വഴുതന, മുളക്, മല്ലി, കറിവേപ്പ് അങ്ങനെ അത്യാവശ്യത്തിന് വേണ്ടതെല്ലാം അടുക്കളത്തോട്ടത്തിലുണ്ട്. ക്യാമ്പ് ഹൗസിലെത്തി കാക്കിയൂരിയാൽ പിന്നെ കർഷകനാണ്.
എസ്.പി ഡ്യൂട്ടിക്ക് പോയാൽ ഭാര്യ ശിവശങ്കരിക്കും മകൻ പ്രിജിത് വിനായകനുമാണ് തോട്ടത്തിന്റെ പരിപാലന ചുമതല. കൃഷിവകുപ്പിൽ നിന്നുകിട്ടിയ വിത്തും ഇക്കുറി തോട്ടത്തിൽ പാകിയിട്ടുണ്ട്. എസ്.പിയും കൂടെയുള്ള പൊലീസുദ്യോഗസ്ഥരും വിഷുവിനൊരുക്കിയത് തോട്ടത്തിലെ പച്ചക്കറിയാണ്. സമയം കിട്ടുന്നതനുസരിച്ച് കൃഷി ഒന്നുകൂടി വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്.