കൊച്ചി: രോഗപ്രതിരോധ പ്രവർത്തനത്തിനിടെ കൊവിഡ് ബാധിച്ച രണ്ടാമത്തെ ആരോഗ്യപ്രവർത്തകനും ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. മലയാറ്റൂർ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. അനീഷാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.
കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിക്കുന്ന ജോലി ചെയ്തതിനിടെയായിരുന്നു രോഗബാധ. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കും. ആദ്യം രോഗം സ്ഥിരീകരിച്ച സന്തോഷ് കുമാറുമായും അനീഷ് അടുത്തിടപെഴകിയിരുന്നു. സന്തോഷ് ബുധനാഴ്ച ആശുപത്രി വിട്ടു.
മറക്കാനാകാത്ത അനുഭവം
"ഇത്രയും കാലത്തെ സർവീസിനിടയിലെ മറക്കാൻ പറ്റാത്ത അനുഭവമാണിത്. മാനസികമായും മറ്റു വിധത്തിലും പിന്തുണച്ച ആരോഗ്യ വകുപ്പിലെ എല്ലാവരോടും നന്ദി. മന്ത്രി കെ.കെ. ഷൈലജ, എം.പി., എം.എൽഎമാർ തുടങ്ങിയവർ വിളിച്ചു. കുടുംബത്തിനും പിന്തുണ നൽകി. മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരും ശുചീകരണ ജീവനക്കാർ വരെ കുടുംബാംഗത്തെ പോലെ നോക്കി."
കെ.കെ. അനീഷ്