കിഴക്കമ്പലം: ലോക്ക് ഡൗൺ പ്രതിസന്ധിയെ അതിജീവിക്കാൻ ട്വൻ്റി 20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിൽ നിത്യോപയോഗ സാധനങ്ങൾക്ക് 75 ശതമാനം വരെ വില കുറച്ചു. ഘട്ടങ്ങളായി വിലകുറച്ച് മേയ് ഒന്നു മുതലാണ് 75 ശതമാനം വിലക്കിഴിവ് ലഭ്യമാക്കുക. ജന ജീവിതം പ്രതിസന്ധിയിലായാൽ വീണ്ടും വിലകുറയ്ക്കുമെന്നും ട്വൻ്റി 20 ചീഫ് കോ ഓർഡിനേ​റ്റർ സാബു എം.ജേക്കബ് അറിയിച്ചു. ലോക്ക് ഡൗൺ കാലാവധിക്കു ശേഷം ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കണ്ടാണ് കൂടുതൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത്. ആവശ്യമായാൽ ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിലൂടെ സൗജന്യമായും അവശ്യവസ്തുക്കൾ ലഭ്യമാക്കും. കിഴക്കമ്പലത്തെ ജനങ്ങൾക്ക് ഒരു തരത്തിലും ക്ഷാമം ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സാധനങ്ങളുടെയും ലഭ്യത ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിൽ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡിസ്‌കൗണ്ട് ആനൂകൂല്യം എല്ലാവർക്കും ലഭ്യമാണ്. അംഗത്വ കാർഡ് ഇല്ലാത്തവർക്കും ഭക്ഷ്യ സുരക്ഷാ മാർക്ക​റ്റിൽ നിന്ന് സാധനങ്ങൾ ലഭിക്കും. ഇതിനായി ട്വൻ്റി 20 ഭാരവാഹികളുമായോ, പഞ്ചായത്തംഗങ്ങളുമായോ ബന്ധപ്പെടണം.