കോലഞ്ചേരി: ലോക്ക് ഡൗൺ ഗൗനിക്കാതെ ജനങ്ങൾ കൂട്ടത്തോടെ വീണ്ടും നിരത്തിൽ. രണ്ടാം ഘട്ടത്തിൽ നടപടികൾക്ക് ഇളവുണ്ടെന്ന് കരുതിയാണ് തലങ്ങും വിലങ്ങും വാഹനങ്ങളുമായി കുടുംബ സമേതം പുറത്തിറങ്ങുന്നത്. നിർദ്ദേശങ്ങൾക്ക് വില നൽകാതെ ആവശ്യത്തിനും അനാവശ്യത്തിനുമാണ് കറക്കം. സത്യവാങ് മൂലം കരുതാതെ പുറത്തിറങ്ങിയവർക്കെതിരെയും വ്യാജ സത്യവാങ്മൂലങ്ങൾ തയ്യാറാക്കിയവർക്കെതിരെയും ഇന്നലെയും പൊലീസ് നടപടി ശക്തമാക്കി. പുത്തൻകുരിശിൽ 29 പേർക്കെതിരെ കേസെടുത്ത് വാഹനങ്ങൾ പിടിച്ചു വച്ചു. കുന്നത്തുനാട്ടിൽ 15 പേർക്കെതിരെ കേസെടുത്തു. 4 ബൈക്കുകൾ പിടിച്ചെടുത്തു. നിയന്ത്രിത സമയം കഴിഞ്ഞും തുറന്ന മൂന്ന് കട ഉടമകൾക്കെതിരെയും വിവിധ ടൗണുകളിൽ കറങ്ങി നടന്ന 8 പേർക്കെതിരെയും എപ്പിഡെമിക് ഓർഡിനൻസ് പ്രകാരം കേസെടുത്തു. ലോക്ക് ഡൗൺ ഇളവുകൾ 24 നു ശേഷം മാത്രമാണുള്ളത്. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി പൊലീസ് ഇന്നും തുടരും.