ക്യാംപ് നൗ: കൊവിഡിൽ കായിക ആരവങ്ങൾ കെട്ടടങ്ങി. എങ്കിലും, ഫുട്ബോൾ ലോകത്ത് കൂടുമാറ്റ ചർച്ചകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കൊന്നും ഇതുവരെ ലോക്ക്ഡൗൺ ബാധകമായിട്ടില്ലെന്ന് കരുതേണ്ടിവരും ! കളത്തിന് പുറത്തെ വിശേങ്ങൾ സൂചിപ്പിക്കുന്നത് ഇതാണ്. ഏറ്റവും ഒടുവിൽ ചൂടുപിടിച്ച ചർച്ചയിൽ മുഴുകിയിരിക്കുന്നത് ബാഴ്‌സയാണ്. ടീം അർജന്റീനൻ താരം ലൗട്ടേരോ മാർട്ടിനെസിനെ റാഞ്ചാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട് കൂടുതൽ ശക്തമാകുകയാണ്. ഇതുമായി ബന്ധപ്പെട്ട തിരക്കിട്ട കൂടിയാലോചനകളാണത്രേ ബാഴ്‌സിൽ നടക്കുന്നത്.
ഇന്റർമിലാൻ സ്‌ട്രൈക്കറെ സ്വന്തമാക്കുമ്പോൾ ആരെ ഒഴിവാക്കുമെന്ന കാര്യത്തിലാണ് മാനേജ്‌മെന്റ് പുലിവാൽ പിടിച്ചിരിക്കുന്നത്. ഒടുവിൽ പുറത്ത് വരുന്ന വിവരം ക്ലബ്ബിന്റെ പുത്തൻ സൈനിംഗ് അന്റോണിയാ ഗ്രീസ്മാനെ വിട്ടുനൽകിയേക്കുമെന്നതാണ്. എന്നാൽ, കഴിഞ്ഞ വർഷം ടീമിലെത്തിയ ഫ്രഞ്ച് താരം ഗ്രീസ്മാന്റെ തീരുമാനം ഇതുവരെ പുറത്തഴവന്നിട്ടില്ല. ഇന്റർമിലാൻ ഗ്രീസ്മാനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ബാഴ്‌സയിലെത്തിയ ഗ്രീസ്മാനാവട്ടെ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയർന്നിട്ടുമില്ല. മെസിക്കും സുവാരസിനുമൊപ്പും ഗ്രീസ്മാൻ തിളങ്ങുമെന്ന് കരുതിയെങ്കിലും ബാഴ്‌സയുടെ കണക്ക് കൂട്ടൽ തെറ്റി. പി.എസ്.ജി താരം നെയ്മർക്കൊപ്പം ഇത്തവണ മാർട്ടിനെസും കറ്റാലൻസ് നിരയിലേക്കെത്തുമെന്നാണ് ട്രാൻസ്ഫർ വിപണിയിലെ റിപോർട്ട്. ഏത് ശക്തമായ ഡിഫൻസിനെതിരേയും കൂളായി കളിക്കാൻ കഴിയുന്ന അപൂർവ പ്രതിഭയാണ് മാർട്ടിനെസ്. ബാഴ്‌സയിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നതായി 20 കാരനായ മാർട്ടിനെസ് അറിയിച്ചതോടെ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.