# കൊച്ചിയിൽ നിന്ന് 17 ഐസൊലേഷൻ കോച്ചുകൾ

തിരു. ഡിവിഷനിൽ 60, പാലക്കാട്ട് 30 കോച്ചുകൾ

സർക്കാർ വിളിച്ചാൽ ഏതു സ്റ്റേഷനിലുമെത്തും

കൊച്ചി: കൊവിഡ് ബാധിതരെ ചികിത്സിക്കാൻ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയ ട്രെയിനുകൾ റെഡി. തിരുവനന്തപുരം ഡിവിഷന്റെ 60 കോച്ചുകൾ കഴിഞ്ഞ ആഴ്ച പൂർണസജ്ജമായി. സംസ്ഥാന സർക്കാരിന്റെ നിർദേശം ലഭിച്ചാൽ ഓക്‌സിജൻ സിലിണ്ടർ ഉൾപ്പെടെ സന്നാഹങ്ങളുമായി ഏതു സ്റ്റേഷനിലും കോച്ചുകളെത്തും.

ലോകത്തു തന്നെ ആദ്യത്തേതാണ് ഇത്തരം സംരംഭമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. രാജ്യത്താകെ 134 റെയിൽവേ കേന്ദ്രങ്ങളിലാണ് ഇവ ഒരുങ്ങുന്നത്.

തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം, എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിലും പാലക്കാട് ഡിവിഷനിൽ ഷൊർണൂർ, മംഗളൂരു ഡിപ്പോകളിലുമാണ് നിർമ്മാണം.

ദക്ഷിണ റെയിൽവേ 5000 കോച്ചുകളിൽ 80,000 കിടക്കകൾ തയ്യാറാക്കുന്നുണ്ട്. റെയിൽവേയിലെ മെക്കാനിക്കൽ എൻജിനിയർമാരാണ് പിന്നിൽ. ഓരോ ഷിഫ്റ്റിലും 20 - 25 തൊഴിലാളികൾ ഇതിനായി പണിയെടുത്തു.

ത്രീ ടയർ, ജനറൽ കോച്ചുകൾ വാർഡുകളായി. മദ്ധ്യത്തിലെ ബെർത്ത് ഒഴിവാക്കി.

# ചികിത്സാ സൗകര്യങ്ങൾ

ഓരോ കോച്ചിലും എട്ട് ഐസൊലേഷൻ വാർഡുകൾ. ആകെ 480 ബെഡ്

മെഡിക്കൽ, ആക്‌സിലറി ജീവനക്കാർക്കായി മെഡിക്കൽ കാബിൻ

ആവശ്യമെങ്കിൽ വെന്റിലേറ്റർ ഘടിപ്പിക്കുന്നതിനുള്ള സൗകര്യം

കൊതുക് കടക്കാതിരിക്കാൻ ജനാലകൾ വല ഉപയോഗിച്ച് അടച്ചു

മെഡിക്കൽ വേസ്റ്റ് നിക്ഷേപിക്കാൻ ഓരോ ബെഡിന് കീഴിലും ഡസ്റ്റ്ബിൻ

ഓരോ കോച്ചിലും രണ്ടു ഓക്‌സിജൻ സിലിണ്ടറും അഗ്‌നിശമന ഉപകരണവും. ഓരോന്നിലും ഒരു ശൗചാലയം കുളിമുറിയാക്കി സോപ്പ് ഡിസ്‌പെൻസർ വച്ചു.

ഇന്റീരിയറുകൾ നവീകരിച്ചു. അധിക ഹാംഗറുകളും ബോട്ടിൽ ഹോൾഡറും

# വാഷ് ബേസിൻ കാലുകൊണ്ട് പ്രവർത്തിപ്പിക്കാം

റെയിൽവേ ടാപ്പുകളിൽ നിന്ന് വൈറസ് പിടിപെടുമെന്ന ഭീതി വേണ്ട. കാലുകൊണ്ടു ചവിട്ടിയാൽ പ്രവർത്തിക്കുന്ന വാഷ് ബേസിനുകളാണ് റെയിൽവേയുടെ കണ്ടുപിടിത്തം. കാൽപ്പാദങ്ങൾ സ്പർശിച്ചാൽ പ്രവർത്തിക്കുന്ന സാനിറ്റൈസർ യൂണിറ്റിനും ഇരുമ്പനത്തെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ രൂപം നൽകി.

ഡിപ്പോ ഓഫീസറായ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം നിർമ്മാണ സാമഗ്രികളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ഇതുണ്ടാക്കിയത്.