ജയ്പൂർ: പൊതുസ്ഥലത്ത് തുപ്പിയതിന് രണ്ട് പേർ അറസ്റ്റിലായി. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ഉജെയിൻ സ്വദേശികളായ ഗണേഷ്, രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ പകർച്ചവ്യാധി ആക്ട് പ്രകാരം കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
രാജസ്ഥാൻ പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 2 പ്രകാരമാണ് പുതിയ നിയമം നടപ്പാക്കിയത്. പൊതുസ്ഥലത്ത് തുപ്പിയതിന് രാജസ്ഥാനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിതെന്ന് ഭരത്പുർ എ.എസി.പി സുരേഷ് കിഞ്ചി പറഞ്ഞു. പാൻമസാല പോലുള്ളവ ഉപയോഗിച്ച് പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് രാജസ്ഥാൻ സർക്കാർ നേരത്തെ തന്നെ നിരോധിച്ചിരുന്നു.