വഡോദര: പാൻമസാല മോഷ്ടിച്ച കള്ളന് കൊവിഡ്. ഇയാളെ പിടികൂടിയെ നാലംഗ പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പരിശോധന ഫലവും പോസിറ്റിവായി. ഇതേതുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുപ്രതിയും നിരീക്ഷണത്തിലായി. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയിലെ ദാബോയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിളിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാളടങ്ങിയ പൊലീസ് സംഘം ചൊവ്വാഴ്ചയായിരുന്നു മോഷ്ടാവിനെ പിടികൂടിയത്.
ടിംബി ഗ്രാമത്തിലെ റെയിൽവേ ക്രോസിംഗിന് സമീപമുള്ള കടയിൽനിന്ന് 4265 രൂപ വിലവരുന്ന പാൻമസാല മോഷ്ടിച്ച കേസിലായിരുന്നു 52കാരനെ പൊലീസ് പിടികൂടിയത്. പിന്നീട് പ്രതികളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയിൽ പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെ പ്രതികളെ പിടികൂടിയ സംഘത്തിലെ നാല് പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. ഇതിൽ ഹെഡ്‌കോൺസ്റ്റബിളിന്റെ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. ബാക്കിയുള്ള മൂന്ന് പേരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.