മഥുര: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാൻ ജനങ്ങൾ ഒത്തുകൂടി. മൂളി എന്ന ജെല്ലിക്കെട്ട് കാളയുടെ വിലാപയാത്രയിലാണ് ആയിരക്കണക്കിന് പേര്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിന് ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിന് 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് മഥുര ജില്ലാ കളക്ടര്‍ ടി ജി വിനയ് പറഞ്ഞു. പരമ്പരാഗത തമിഴ്നാട് രീതിയിലാണ് സംസ്കാരവും വിലാപയാത്രയും നടന്നത്. മധുരയിലെ മുധുവര്‍പ്പെട്ടിയിൽ നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ വിജയങ്ങള്‍ നേടിയിട്ടുള്ള കാളയാണ് മൂളി. പ്രദേശത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്‍റെ കാളയാണിത്.
ബുധനാഴ്ച മൂളി മരണത്തിന് കീഴടങ്ങിയതോടെ ക്ഷേത്രത്തിന് പുറത്ത് മൂളിയുടെ ശവശരീരം അലങ്കരിച്ച് പൊതുദര്‍ശനത്തിനും വച്ചു. എന്നാൽ കൊവിഡ് റെഡ് സോണ്‍ കൂടിയായ മധുരയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ ഒത്തുകൂടുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 1,242 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 14 പേർ മരിച്ചു. ഏപ്രിൽ 20 ന് ശേഷം ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുമെങ്കിലും മെയ് 3 വരെ ഇന്ത്യയിലുടനീളം ലോക്ക് ഡൗൺ നിലവിലുണ്ട്.