കൊച്ചി: മയക്കുമരുന്ന് കിട്ടാതെ അക്രമാസക്തനാകുന്ന മകനെ നിയന്ത്രിക്കാനുള്ള പ്രതിവിധി ആരായുന്ന അമ്മ, ചെലവിന് നൽകാത്ത ഭർത്താവിനെ കുറിച്ച് പരാതിയുമായി ഭാര്യമാർ, ഗാർഹിക പീഡനങ്ങൾക്ക് പരിഹാരം തേടുന്നവർ, ഓണം പ്രളയം കൊണ്ടുപോകുമോയെന്ന് വേവലാതിപ്പെടുന്ന വനിതാസംരംഭകർ, ഒറ്റപ്പെട്ടു പോയ സ്ത്രീകളുടെ ആകുലതകൾ.....
കൊവിഡ് കാലത്ത് വീടുകളിൽ അടച്ചിരിക്കേണ്ടി വരുന്ന സ്ത്രീകൾ ഒട്ടേറെ പ്രതിസന്ധികളിലൂടെയും മാനസിക സമ്മർദ്ദങ്ങളിലൂടെയും കുടുംബ പ്രശ്‌നങ്ങളിലൂടെയും കടന്നു പോകുകയാണ്. സമ്മർദ്ദങ്ങൾ ആരോടെങ്കിലും ഒന്നു ഉറക്കെ പറയണമെന്നും മനസിന് അയവു വേണമെന്നും ആഗ്രഹമുണ്ട്. പക്ഷേ മാർഗങ്ങൾ പരിമിതം. കൗൺസിലിംഗിനോ മീഡിയേഷനോ വിമുഖത, സാധിക്കായ്ക. ഇങ്ങനെ കരുതുന്ന സ്ത്രീകൾക്കായി കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ആവിഷ്‌കരിച്ച പുതിയ സംവിധാനമാണ് "സമ്മർദ്ദപ്പെട്ടി" ( ഫ്രസ്ട്രേഷൻ ബോക്സ് ) മനസിനെ അസ്വസ്ഥമാക്കുന്ന ഏത് വികാരവിചാരങ്ങളെയും നിങ്ങൾക്ക് ഈ പെട്ടിയിലിടാം.
# വിളിക്കാം, വാട്ട്സ് അപ്പ് ചെയ്യാം
ദേഷ്യം, ഭയം, സങ്കടം, വെറുപ്പ് തുടങ്ങി എന്ത് അസ്വസ്ഥതകളും 8594034255 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യാം. ശബ്ദസന്ദേശങ്ങളോ എഴുത്തോ ഫോട്ടോയോ വീഡിയോകളോ എന്തുമാകാം. കൗൺസിലറുടെ സേവനവും ലഭ്യമാണ്. ആവശ്യപ്പെടാതെ, അനുമതി ഇല്ലാതെ കൗൺസിലർ വിഷയങ്ങളിൽ ഇടപെടില്ല. സ്വകാര്യത മാനിക്കും. രഹസ്യം കാത്തു സൂക്ഷിക്കും. പൊലീസിൽ പരാതി നൽകാനും നിയമോപദേശം തേടുന്നതിനും സഹായം ലഭിക്കും.
# പരാതികൾ കൂടി
വീടുകളിലെ അതിക്രമങ്ങൾ സംബന്‌ധിച്ച് കൊവിഡ് കാലത്ത് ധാരാളം പരാതികളുണ്ടെന്ന്സ്നേഹിത പ്രവർത്തകർ പറയുന്നു.