കൊച്ചി : കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്താചിത്രങ്ങളിലൂടെ കൊവിഡ്കാല ദുരിതങ്ങൾ അടയാളപ്പെടുത്തി ആറ്റിങ്ങൽ ഗവ. കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. കെ.ബി. ശെൽവമണി തയ്യാറാക്കിയ വിശപ്പ് എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിന്റെ രണ്ട് ചിത്രങ്ങളെ ആസ്പദമാക്കിയാണ് എട്ടു മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്.
എറണാകുളം കോൺവെന്റ് റോഡിലെ കനിവ് എന്ന ജീവകാരുണ്യസ്ഥാപനത്തിന് മുമ്പിൽ സൗജന്യ ഭക്ഷണം വാങ്ങാൻ സാമൂഹ്യ അകലം പാലിച്ച് ക്യൂ നിന്നവർ വെയിൽ കനത്തതോടെ ചെരിപ്പുകൾ ഉൗരി അടയാളം വച്ച് തണലിലേക്ക് മാറിനിന്ന ചിത്രമാണ് ഒന്ന്. എറണാകുളം നഗരത്തിൽ ഒരു കൈയില്ലാത്ത യുവാവും ഭാര്യയും റേഷൻ വാങ്ങി മടങ്ങുമ്പോൾ സഞ്ചി പൊട്ടി അരി നിലത്തു തൂവിയ ചിത്രമാണ് മറ്റൊന്ന്.
കൊവിഡ് എന്ന മഹാമാരിയെ അടയാളപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ ഉണ്ടാകുമെങ്കിലും മനുഷ്യന്റെ നിസഹായതയും വിശപ്പും വിളിച്ചുപറയുന്ന രണ്ടു ചിത്രങ്ങളാണ് ഇവയെന്ന് ഡോ. ശെൽവമണി പറയുന്നു. ചിത്രമെടുക്കുമ്പോൾ അനുഭവപ്പെട്ട ആത്മസംഘർഷത്തെക്കുറിച്ച് ഫോട്ടോഗ്രാഫറും ഡോക്യുമെന്ററിയിൽ വിവരിക്കുന്നുണ്ട്. ഫേസ് ബുക്ക് പേജിലാണ് ഡോ. ശെൽവമണി ഡോക്യുമെന്ററി റിലീസ് ചെയ്തത്.
ഡോ. ശെൽവമണി
കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ഡോ. ശെൽവമണി ദീർഘകാലം യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപകനായിരുന്നു. ട്രാൻസ്ജെൻഡറുകളുടെ ജീവിതത്തെ ആസ്പദമാക്കി 2018 ൽ തയ്യാറാക്കിയ മെമ്മറീസ് ഒഫ് ട്രാൻസ്, കാൻസർ ബാധിതയായ പത്തു വയസുകാരി ഷാദിയ പ്രളയകാലത്ത് തന്റെ സമ്പാദ്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭവത്തെ ആസ്പദമാക്കി 2019 ൽ തയ്യാറാക്കിയ ദി ഗ്രേറ്റ് സൈലൻസ് എന്നീ ഡോക്യുമെന്ററികൾ നിരവധി പുരസ്കാരങ്ങൾ നേടിയെടുത്തു.
കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക സോണിയയാണ് ഭാര്യ. ആറാം ക്ളാസ് വിദ്യാർത്ഥി പ്രത്യൂഷ്, രണ്ടാം ക്ളാസ് വിദ്യാർത്ഥി അബനീഷ് എന്നിവർ മക്കളാണ്.