police
മൂവാറ്റുപുഴ സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽകുമാർ ഷെഫിന്റെ യൂണിഫോമിൽ

മൂവാറ്റുപുഴ: ലോക്ക് ഡൗൺ കാലത്ത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ കിച്ചനിൽ നളപാചകം അരങ്ങു തകർക്കുന്നു. കുശിനിക്കാരൻ ചില്ലറക്കാരനല്ല, എസ്.ഐ തന്നെ. സഹപ്രവർത്തകർ വിശന്ന് വലഞ്ഞ് കൊവിഡിനെതിരെ യുദ്ധം ചെയ്യുമ്പോൾ എസ്.ഐ. ആർ. അനിൽകുമാർ കൈമെയ് മറന്ന് അടുക്കളയിലും പോരാട്ടത്തിലാണ്. യൂണിഫോം അഴിച്ച് വെച്ച് ഷെഫിന്റെ വേഷത്തിൽ അദ്ദേഹം അടുക്കളയിൽ തകർത്താടുകയാണ്. വിഷുവിന് സ്റ്റേഷനിൽ വിളമ്പിയതും അടിപൊളി സദ്യ.

കാൽ നൂറ്റാണ്ടുമുമ്പ് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലായ കാസിനോയിൽ ഷെഫായിരിക്കെയാണ് അനിൽകുമാർ പൊലീസിൽ കയറിയത്. പിന്നെ കൈപ്പുണ്യം തെളിയിക്കാൻ ഇങ്ങിനെ വിശാലമായ ഒരു അവസരം കിട്ടുന്നത് ഇപ്പോഴാണ്.

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ തന്നെ അടഞ്ഞു കിടന്ന പൊലീസ് കാന്റീൻ വൃത്തിയാക്കിയെടുത്തു. പൊലീസ് യൂണിഫോമിൽ സ്റ്റേഷൻ ഡ്യൂട്ടി കൃത്യമായി ചെയ്തതിനുശേഷം ഷെഫിന്റെ വേഷമിട്ട് അടുക്കളയിലേക്ക് ഇറങ്ങും.

ദിവസം 50 പേർക്ക് 4 നേരം ഭക്ഷണം തയ്യാറാക്കുന്നുണ്ട്. പച്ചക്കറികൾ കൂടുതലും സംഭാവനയായി ലഭിക്കുന്നതാണ്. മറ്റുള്ളവ വാങ്ങും.

പാചകത്തിന് ഒരു സഹായിയുണ്ട്. പിന്നെ പൊലീസുകാരും.

മൊട്ട അവിയലും പാലട പായസവുമാണ് അനിൽകുമാറിന്റെ സ്പെഷ്യാലിറ്റീസ്.


ലോക്ക് ഡൗൺ തുടങ്ങിയ ശേഷം പല ദിവസങ്ങളിലും തൊടുപുഴയിലെ വീട്ടിൽ പോകുവാൻ കഴിയാറില്ല. സഹകരണ വകുപ്പിലെ ജീവനക്കാരിയാണ് ഭാര്യ ബിന്ദു. കദളിക്കാട്

വിമലമാതാ പ്ലസ് ടു വിദ്യാർത്ഥി അഭിമന്യു, തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്ക്കൂളിലെ അഭിരാമി എന്നിവർ മക്കൾ.

വീണ്ടും ഷെഫായി അവതരിച്ചതിൽ ഭാര്യയ്ക്കും മക്കൾക്കും സന്തോഷം. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗംകൂടിയാണ് ഈ പാചകവേഷവും. സമൂഹം ഒന്നടങ്കം കൊവിഡിനെതിരെ അണിനിരക്കണം. പൊലീസിനൊപ്പം അണിചേരണം. ഞങ്ങളുടെ കരുതൽ വെറുതെയാകരുത്

ആർ.അനിൽകുമാർ,

എസ്.ഐ

25 വർഷം മുമ്പ് അനിൽകുമാർ കാസിനോ ഹോട്ടലിൽ ജോലിയിലിരിക്കെയാണ് പൊലീസിൽ സെലക്ഷൻ കിട്ടുന്നത്. ഹോട്ടൽ മാനേജ്മെന്റ് ഡിപ്ളോമയുണ്ട്. ഇപ്പോൾ മൂവാറ്റുപുഴ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ. പി.ആർ.ഒ ഡ്യൂട്ടിയുമുണ്ട്. സൗമ്യനായി ഇടപെടുന്ന അനിൽകുമാർ സഹപ്രവർത്തകർക്കും പരാതിക്കാർക്കുമെല്ലാം പ്രിയങ്കരൻ. രണ്ട് വർഷം മുമ്പാണ് ഇവിടെക്കെത്തിയത്.