kseb
പൊരി വെയിലിൽ പണിയെടുക്കുന്ന വൈദ്യുത വകുപ്പ് ജീവനക്കാർ

കോലഞ്ചേരി: കൊവിഡ് കാലത്ത് വീടുകളിലെ വെളിച്ചം അണയാതിരിക്കാൻ വിശ്രമമില്ലാത്ത ജോലിയിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ. ഓരോ സെക്ഷനിലെയും അംഗബലം അനുസരിച്ച് മൂന്നോ നാലോ പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. രണ്ടു സംഘങ്ങളിലെ ആളുകൾ പരസ്പരം സമ്പർക്കമുണ്ടാകാത്ത വിധമാണ് ക്രമീകരണം.ഐസലേഷൻ കേന്ദ്രങ്ങളിലും പ്രധാന കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധ പുലർത്തുന്നുണ്ടവർ. ഇതിനിടെ വേനൽ മഴ വന്നതോടെ അപ്രതീക്ഷിത വൈദ്യുതി തടസവും പതിവായി.

#നമ്മുക്ക് ചെയ്യാവുന്നത്

* വൈദ്യുത ലൈനിൽ തീ കത്തുന്നതോ, പൊട്ടിത്തെറിയോ കണ്ടാൽ ഉടൻ വിവരമറിയിക്കുക

* ലൈനുകൾക്ക് സമീപം നിൽക്കുന്ന മരച്ചില്ലകളും, കൊമ്പുകളും വെട്ടി മാറ്റുക, സ്വയം മാറ്റാൻ കഴിയാത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക

* മഴ ശക്തമായ സമയങ്ങളിൽ പൊതുസ്ഥലങ്ങളിലുള്ള ട്രാൻസ്‌ഫോർമറുകൾ,വൈദ്യുത ലൈനുകൾ മ​റ്റ് ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ സമീപത്ത് പോകാതിരിക്കുക

#ഉടൻ അധികൃതരെ അറിയിക്കുക

ചൂടായി നിൽക്കുന്ന ഇൻസുലേ​റ്ററുകൾ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ പൊട്ടിയും കറണ്ട് പോകാം. ഇത് കണ്ടു പിടിക്കാനാണ് കാലതാമസം നേരിടാറുള്ളത്. പലപ്പോഴും ഇൻസുലേ​റ്റർ പൊട്ടുമ്പോൾ ഒച്ചയും തീയുമുണ്ടാകാറുണ്ട്. കാണുന്നവർ പോസ്​റ്റ് നമ്പർ സഹിതം അറിയിച്ചാൽ പോയ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാൻ കഴിയും. എവിടെയാണ് സംഭവിച്ചതെന്ന് അറിയാത്ത പക്ഷം ഒരോ പോസ്റ്റിലും പരിശോധിച്ച് കണ്ടെത്തണം. ചിലപ്പോൾ സംശയമുള്ള പോസ്റ്റുകളിൽ കയറി നോക്കേണ്ടിയും വരും.

#ഇൻസുലേറ്റർ

വൈദ്യുത പോസ്റ്റുകൾക്ക് മുകളിൽ കമ്പി ഘടിപ്പിച്ചിരിക്കുന്ന ബ്രൗൺ നിറത്തിൽ കാണുന്നതാണ് ഇൻസുലേറ്റർ. പോഴ്സ് ലൈൻ കൊണ്ട് നിർമ്മിച്ച ഇവയ്ക്ക് ഉയർന്ന അളവിലുള്ള വൈദ്യുതിയെ പ്രതിരോധിക്കാൻ കഴിവുണ്ട്.ഇടിമിന്നൽ ,കാലാവസ്ഥ വ്യതിയാനം മൂലം വൈദ്യുതിയെ പ്രതിരോധിക്കുന്ന കഴിവ് നഷ്ടമാകുമ്പോൾ വൈദ്യുതി നേരിട്ട് ഭൂമിയിൽ എത്തുകയും, അപകടങ്ങൾ ഒഴിവാക്കുന്നതിനായി സബ്‌ സ്​റ്റേഷനിൽ തനിയെ വൈദ്യുതി ഒഫ് ആകും.ഇത്തരം അവസരങ്ങളിൽ അവ മാ​റ്റി സ്ഥാപിച്ചാൽ മാത്രമെ പിന്നീട് വൈദ്യുതി വിതരണം സാധ്യമാകൂ.

സെക്ഷൻ ഓഫീസ് നമ്പറുകളിൽ വിളിക്കാം

കേന്ദ്രീകൃത കൺട്രോൾ സെന്ററിലെ 9496001912 വാട്സാപ്പ് വഴി പരാതി രജിസ്റ്റർ ചെയ്യാം.

9496010101 നമ്പറിൽ പരാതി നേരിട്ട് അറിയിക്കാം.
ടോൾ ഫ്രീ നമ്പറിൽ വിളിക്കാം 1912