കളമശേരി: ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ പഠനപ്രക്രിയയുമായി മുന്നേറുകയാണ് കുസാറ്റിലെ അക്കാദമിക്ക് സമൂഹം.
"മൂഡിൽ ആണ് കുസാറ്റിന്റെ ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം. നൂറോളം അദ്ധ്യാപകരും ആയിരത്തിൽ പരം കുട്ടികളും ദിവസവും ലോഗിൻ ചെയ്യുന്നു. ക്ലാസ്സുകളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ, ഓഡിയോ ക്ലാസുകൾ, നോട്ടുകൾ, അസൈൻമെൻറുകൾ, ക്വിസ് എന്നിവ മോഡ്യൂളുകൾ തിരിച്ച് ലഭ്യമാക്കുന്നുണ്ട്.
വെബ് എക്സ്, ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്പുകൾ വഴിയും അദ്ധ്യാപകർ ക്ലാസ് എടുക്കുന്നുണ്ടെന്ന്
കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവി പ്രൊഫ.ജി സന്തോഷ് കുമാർ പറഞ്ഞു.
'കോഴ്സ്'റാ' യിൽ കുസാറ്റ് അംഗമായതു മൂലം ലോകനിലവാരമുള്ള സർവ്വകലാശാലകളിലെ കോഴ്സുകൾ പഠിതാക്കൾക്കു ലഭ്യമാക്കാനുമായി. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സൗജന്യമായി ലഭിക്കും. ആയിരത്തി അഞ്ഞൂറോളം കോഴ്സുകൾ കുട്ടികൾ രജിസ്റ്റർ ചെയ്ത് പഠിച്ചു വരുന്നതായി ഡോ.സന്തോഷ് കുമാർ പറഞ്ഞു. ലാബ്, പ്രോജക്ട് അധിഷ്ഠിത കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്.