മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് നാലാം വാർഡ് ലോക്ക് ഡൗൺ കാലയളവിൽ കുട്ടികളുടെയും വീട്ടമ്മമാരുടേയും മാനസികസമ്മർദ്ദവും പരിമുറുക്കവും ഒഴിവാക്കുന്നതിനുവേണ്ടി വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേലിൻ്റെ നേതൃത്വത്തിലുളള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഓൺലൈൻ മത്സരങ്ങൾ നടത്തിയാണ് മാതൃകയാവുകുന്നത്. കോവിഡ് 19-ൻ്റെ പ്രതിസന്ധി തുടങ്ങിയതു മുതൽ നിരവധി പ്രവർത്തനങ്ങൾ വാർഡിലെ മുഴുവൻ അംഗങ്ങൾക്കും നടത്തിവരുന്നു . ഏഞ്ചൽ വോയിസ് ജംഗ്ഷനിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. വാർഡിലെ മുന്നൂറിൽപ്പരം വീടുകളിലേക്ക് കുടുംബശ്രീയുടെ സഹായത്തോടെ നിർമ്മിച്ച അഞ്ഞൂറിൽ പരം ഹാൻഡ് വാഷ് സൗജന്യമായി നൽകി. സാന്ത്വനം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ടെലി കൗൺസിലിംഗും നടത്തി. വാർഡിലെ മുഴുവൻ വീട്ടുകാരുടേയും അംഗങ്ങളുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചത്. കുട്ടികളുടെയും , വയോധികരുടെയും പുഞ്ചിരി മത്സരം, ഗ്രൂപ്പ് സെൽഫി, പാചക മത്സരം, ലോക്ക് ഡൗൺ തിരിച്ചറിവുകൾ, ചിത്രരചന, പച്ചകറി ക്യഷി നിലം ഒരുക്കൽ, പച്ചക്കറിവിത്ത് വിതരണം, പരിസര ശുചീകരണം തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ മത്സരം വാർഡിനു പുറത്തുള്ള ജഡ്ജസുകളാണ് നിയന്ത്രിച്ചത്. മികച്ച അദ്ധ്യാപക അവാർഡ് ജേതാക്കളായ സമീർ സിദ്ദീഖി.പി, ജിനീഷ് ലാൽ തുടങ്ങിയവരുടെ നേതൃത്തിലുള്ള ജഡ്ജിംഗ് പാനൽ എല്ലാ ദിവസവും രാവിലെ 9 മണിയ്ക്ക് ടാസ്കുകൾ അടങ്ങിയ ചോദ്യം നൽകുകയും രാത്രി 9 മണിയ്ക്ക് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.