ആലുവ: കമ്മ്യൂണിറ്റി കിച്ചണിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മൂന്നാഴ്ച പ്രായമുള്ള കുട്ടിക്ക് ബേബിക്കിറ്റും ചോക്ലേറ്റും ഉടുപ്പുകളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾക്ക് വാടക കൊടുക്കാനില്ലാത്തതിനെ തുടർന്ന് കെട്ടിടം ഉടമ പുറത്താക്കിയതിനെ തുടർന്നാണ് ആലുവ നഗരസഭയുടെ ക്യാമ്പിൽ താത്കാലിക താമസസൗകര്യം ഒരുക്കിയത്.
ഇവരുടെ കുട്ടിക്കാണ് യൂത്ത് കോൺഗ്രസുകാർ പുത്തനുടുപ്പും ബേബിക്കിറ്റും നൽകിയത്. ക്യാമ്പംഗങ്ങൾക്ക് ശുചീകരണകിറ്റ് കൊടുക്കാനെത്തിയതാണ് യൂത്ത് കോൺഗ്രസുകാർ. ഇതിനിടെ കുട്ടിയുടെ മാതാവ് ഒരു ഡെറ്റോൾ ആവശ്യപ്പെട്ടു. വിശദാംശങ്ങൾ ചോദിച്ചപ്പോളാണ് മൂന്നാഴ്ച പ്രായമുള്ള കുട്ടിയെ കുളിപ്പിക്കാനാണെന്നു വ്യക്തമായത്. സ്ഥലത്തുണ്ടായ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജെബി മേത്തർ വിഷയത്തിൽ ഇടപെട്ട് കുട്ടിക്കാവശ്യമായ ബേബി ബെഡ്, ബേബി കിറ്റ്, കുട്ടി ഉടുപ്പുകൾ, കൊതുകുവല, ഡെറ്റോൾ, ചോക്ലേറ്റ് എന്നിവ അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, രാജേഷ് പുത്തനങ്ങാടി, രഞ്ജു ദേവസി, ശരത് നാരായണൻ, ടി.വി. ജയദേവൻ, എം.എ. ഇജാസ് എന്നിവരാണ് യൂത്ത് കെയർ പ്രവർത്തനവുമായി രംഗത്തുള്ളത്.