കോലഞ്ചേരി: പേഴയ്ക്കാപ്പിള്ളിയുടെ ജനകീയ ഡോക്ടർക്ക് നാടിന്റെ വിട. കഴിഞ്ഞ 41 വർഷമായി 'പേഴയ്ക്കാപ്പിള്ളി ക്ലിനിക്കിൽ ' നാടിന്റെ പ്രിയ ഡോക്ടറായിരുന്ന മംഗലത്തുനട കൊല്ലം മോളയിൽ ലാലൻ ഡോക്ടറെന്നറിയപ്പെടുന്ന ഡോ.വിജയ നാഥനാണ് നാട്ടുകാരെ വിട്ട് പിരിഞ്ഞത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം.നാട്ടുകാരെ പേരെടുത്ത് വിളിക്കാൻ കഴിയുന്നത്ര ബന്ധമായിരുന്നു നാടുമായുണ്ടായിരുന്നത്. രോഗങ്ങൾ കണ്ടെത്താനുള്ള കഴിവാണ് നാട്ടിലെ പ്രിയപ്പെട്ടവനാക്കിയത്. ഫീസ് കൈയ്യിലുള്ളവനും ഇല്ലാത്തവനും ക്ലിനിക്കിലെത്തി മരുന്നു വാങ്ങാം. നാല് മാസം മുമ്പ് അസുഖ ബാധിതനായി വിശ്രമമെടുക്കും വരെ രാവിലെ 8 മുതൽ രാത്രി 8 വരെ ഡോക്ടർ പേഴയ്ക്കാപ്പിള്ളിയിലുണ്ടാകും. ആശുപത്രിയുടെ പ്രവർത്തനം നിർത്തുമ്പോൾ അതു വരെ കൂടെ നിന്ന ജീവനക്കാർക്ക് പുതിയ ജോലിയും അല്ലലില്ലാത്ത തുടർ ജീവിതത്തിനുള്ള പണവും നൽകിയിരുന്നു. മൂവാറ്റുപുഴ ഐ.എം.എ മുൻ സെക്രട്ടറിയായിരുന്നു. ഐരാപുരം എസ്.എൻ.ഡി.പി ശാഖയുടെ മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റുകളുടെ കൺവീനറുമായിരുന്നു.