കോലഞ്ചേരി: തീ കെടുത്തണം, മരുന്നെത്തിക്കണം പട്ടിമറ്റം ഫയർഫോഴ്സ് തിരക്കിലാണ്. ഇന്നലെ രാവിലെ 9 ന് പൂതൃക്ക പാലയ്ക്കാമറ്റം ഷെജി പോളിന്റെ വീട്ടിലെ ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. വീട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ ആളിപ്പടർന്ന തീ പട്ടിമറ്റം ഫയർ ഫോഴ്‌സ് ജീവനക്കാർ അണച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ജീവൻ രക്ഷാ മരുന്നുകൾ മുവാറ്റുപുഴ സ്റ്റേഷനിൽ നിന്നും വാങ്ങി പെരിങ്ങാല, കടയിരുപ്പ് സ്വദേശികൾക്ക് കൈമാറി.വിവിധ പ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ ടി.സി സാജു,സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം.ജി ബിജു , ഫയർ ഓഫീസർമാരായ കെ.എ ഉബാസ് ,വിഷ്ണു രാജ്,സിജാസ്, ഹോം ഗാർഡ് എം.വി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി.