കൊച്ചി : കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ യു.എസ് കമ്പനിയായ സ്‌പ്രിൻക്ളറിന് കൈമാറാൻ സർക്കാരുണ്ടാക്കിയ കരാറിലെ കള്ളക്കളികൾ സാമ്പത്തിക പരിശോധനയിലൂടെ പുറത്തുകൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നും തിരുവനന്തപുരം സ്വദേശി അഡ്വ. ബാലു ഗോപാലകൃഷ്‌ണൻ നൽകിയ ഹർജിയിൽ പറയുന്നു. ഏപ്രിൽ 21 ന് ഹർജി ഹൈക്കോടതി പരിഗണിക്കും.
സ്‌പ്രിൻക്ളർ കമ്പനിയുടെ സെർവറിലേക്ക് നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണോയെന്നും, ഇതു സ്വതന്ത്ര വിപണിയിൽ വില്പനയ്ക്കു വയ്ക്കുമോയെന്നും വ്യക്തമല്ല. വിവരങ്ങൾ കൈമാറില്ലെന്ന് കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽപ്പോലും ,ഇതു ലംഘിച്ചാൽ വിദേശ കമ്പനിക്കെതിരെ എങ്ങനെ നിയമനടപടിയെടുക്കാനാവും ? ഒന്നര ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് വിദേശ കമ്പനിക്ക് നൽകിയത്. ഡേറ്റാ മോഷണവുമായി ബന്ധപ്പെട്ട് ഇൗ കമ്പനിക്കെതിരെ യു.എസിൽ കേസ് നിലവിലുണ്ട്. രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് നൽകാൻ സി - ഡിറ്റ്, എൻ.ഐ.സി തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ എന്തിനാണ് വിദേശ കമ്പനിക്ക് കരാർ നൽകിയതെന്ന് വ്യക്തമല്ല. വിവാദമായപ്പോൾ ഡേറ്റകൾ സർക്കാരിന്റെ വെബ് സൈറ്റിലേക്കാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും ഇതു സത്യമല്ലെന്നും ഹർജിയിൽ പറയുന്നു