മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ഇട്ടിയക്കാട് മിച്ചഭൂമി കോളനിയിൽ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. വ്യാഴാഴ്ച്ച വൈകിട്ടുണ്ടായ കാറ്റിൽ മരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച ഇട്ടിയക്കാട് കോളനിയിൽ താമസിക്കുന്ന കുരുപ്പുതടം ശിവൻകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവോലി ഗ്രാമപഞ്ചായത്തിൽ കാറ്റും മഴയും വ്യാപക നാശനഷ്ടമാണ് വരുത്തിയത്. രണ്ടാർ പീടികപുത്തൻപുര ബാലകൃഷ്ണന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയിരുന്നു. അടുപറമ്പ് മാവിൻചുവട് ഇല്ലികുന്നേൽ ഷാജൻ ഫ്രാൻസിസിന്റെ 100 ഏത്തവാഴകൾ, നടാംക്കുഴി ജോർജിന്റെ 50 ഏത്ത വാഴകൾ, മെതിപ്പാറ തോമസിന്റെ 30 ഏത്തവാഴകൾ കാറ്റിൽ നിലം പൊത്തി. പ്രദേശത്ത് ചെറുതും വലുതുമായ നിരവധി മരങ്ങളും കാറ്റിൽ നിലംപൊത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വീടുകളുടെയും കൃഷിയുടെയും നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം വേഗത്തിലാക്കാൻ കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. എം.എൽ.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.അജി, ഫെബിൻ മൂസ്, കെ.ബി.നിസാർ, വി. എസ്. അനസ്, ഷൈജൽ പാലിയത്ത്,എം.എ.അജാസ് എന്നിവരും ഉണ്ടായിരുന്നു.