കൊച്ചി : ലോകമെങ്ങും കൊവിഡ് -19 രോഗം പടരുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രവാസികൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് രോഗവ്യാപനസാദ്ധ്യത കുറയ്ക്കാനുള്ള നല്ലമാർഗം. ഇതിനാൽ പ്രവാസികളെ ഉടൻ തിരിച്ചുകൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും വിദേശമന്ത്രാലയം ജോയിന്റ് സെക്രട്ടറി യോഗേശ്വർ സംഗ്‌വാൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ളിം കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ, പ്രവാസി വ്യവസായി അഫി ഉദിനൂർ പക്രുമേഡ് എന്നിവർ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്.
ചികിത്സിക്കാൻ പോലും പണമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് കഴിയുന്നത് ഗൗരവത്തോടെ കാണണമെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി വാക്കാൽ പറഞ്ഞു. എന്നാൽ സമാന വിഷയത്തിൽ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും ഹർജി നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. എം.കെ. രാഘവൻ എം.പിയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയതും വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതി ഹർജി ഏപ്രിൽ 21ന് മാറ്റി. സമാന വിഷയത്തിൽ രണ്ടു ഹർജികൾകൂടി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നു.
സത്യവാങ്മൂലത്തിൽ നിന്ന് :
വിദ്യാർത്ഥികൾ ഉൾപ്പെടെ 1.30 കോടി ഇന്ത്യക്കാർ വിദേശത്തുണ്ട്.
യു.എ.ഇയിൽ 34 ലക്ഷം ഇന്ത്യക്കാരുണ്ട്.
യു.എ.ഇയിൽ 3360 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇവരിൽ 418 പേർക്ക് രോഗം ഭേദമായി.
യു.എ.ഇയിൽ ആധുനിക ചികിത്സാസൗകര്യമുണ്ട്.
മാർച്ച് ഒന്നിന് അവസാനിച്ച വിസ കാലാവധി യു.എ.ഇ മേയ് 31 വരെ നീട്ടി.
വിദേശ മന്ത്രാലയത്തിനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുറന്നു.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ : 1800118797.
മറ്റു നമ്പരുകൾ : +91 - 11 - 23012113, +91 - 11 - 23014104, +91- 11 - 23017905
ഫാക്സ് : +91 -11 - 23018158.
ഇ - മെയിൽ : covid19@mea.gov.in