വൈപ്പിൻ : ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ എടവനക്കാട് സർവീസ് സഹകരണ ബാങ്ക് സഹായവുമായി വീണ്ടും രംഗത്ത്. എടവനക്കാട് പഞ്ചായത്തിലെ എഴായിരത്തോളം വീട്ടുകാർക്ക് റേഷൻകാർഡ് പ്രകാരം 500 രൂപക്കുള്ള പലവ്യഞ്ജനകിറ്റുകൾ നല്കും. കൺസ്യൂമർ ഫെഡിൽനിന്ന് വാങ്ങിയാണ് സാധനങ്ങൾ വിതരണം ചെയ്യുക. നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അംഗങ്ങൾക്ക് കൊവിഡ് -19 എന്ന പേരിൽ 25000 രൂപ പുതിയ വായ്പ നൽകാനും തീരുമാനിച്ചു. ആദ്യം പ്രഖ്യാപിച്ചതും ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്നതുമായ 3000 രൂപയുടെ പലിശരഹിതവായ്പ തുടരും. നേരത്തെ ബാങ്ക് എല്ലാവർക്കും സൗജന്യനിരക്കിൽ സാനിറ്റൈസറും പച്ചക്കറികളും ലഭ്യമാക്കിയിരുന്നു.