തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നിത്യശീവേലിക്ക്
എഴുന്നള്ളിക്കുന്ന ഗജവീരൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സീതാരാമൻ (65) ചരിഞ്ഞു. ഇന്നലെ രാവിലെ ഒൻപതരയ്ക്ക് വടക്കേ കോട്ട സംസ്കൃത കോളേജ് റോഡിൽ
തേവരക്കാവ് കളപ്പുരക്കൽ ലൈനിലെ വീട്ടുപറമ്പിൽ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാവിലെയും ശീവേലിക്ക് എഴുന്നള്ളിച്ചതാണ്.
ഹൃദയാഘാതമാകാം മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗൺ ആയതിനാൽ സന്ദർശിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു.
ശാന്ത സ്വഭാവക്കാരനായ സീതാരാമന് ഏറെ ആരാധകരും ഉണ്ടായിരുന്നു.
വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനകൾക്കു ശേഷം വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം ലോറിയിൽ കയറ്റി കോടനാട് വനമേഖലയിൽ സംസ്കരിക്കാനായി കൊണ്ടുപോയി.