sos
എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലെ അഗ്രികൾച്ചർ ക്ലബ് അംഗങ്ങൾ കൃഷി ചെയ്ത പച്ചക്കറികൾ എടത്തല ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് കൈമാറുന്നു

ആലുവ: എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലെ അഗ്രിക്കൾച്ചർ ക്ലബ് അംഗങ്ങൾ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ എടത്തല ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് നൽകി കൊവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി.
എടത്തല ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. റഫീഖും കൃഷി ഓഫീസർ ലതയും കുട്ടികളിൽ നിന്ന് കാർഷികോത്പന്നങ്ങൾ ഏറ്റുവാങ്ങി. ഡയറക്ടർ സി. ശ്രീകുമാർ നേതൃത്വം നൽകി. എടത്തല കൃഷിഭവന്റെ സാമ്പത്തിക സഹായത്തോടെയാണ് എസ് ഒ എസ് കാർഷികക്ലബ്ബ് പച്ചക്കറിത്തോട്ടം ആരംഭിച്ചത്. കൃഷി ഓഫീസറുടെ മാർഗനിർദേശ പ്രകാരമാണ് കൃഷി. കുട്ടികൾക്ക് കൂട്ടായി അമ്മമാരും ഗ്രാമത്തിലെ സഹപ്രവർത്തകരായ ജോഷി മാത്യു, റിനി എബ്രഹാം എന്നിവരും പിന്തുണ നൽകുന്നു. ലോക്ക് ഡൗൺ കാലത്ത് ചീരയാണ് പ്രധാന കൃഷി. 50 സെന്റ് വിസ്തീർണമുള്ള കൃഷിത്തോട്ടത്തിൽ വെണ്ട, കുമ്പളം എന്നിവയുമുണ്ട്. കാബേജ്, കോളിഫ്‌ളവർ എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞു.

രാവിലെയും വൈകിട്ടും നനയും മറ്റു പരിപാലനവും 25 അംഗ ക്ലബ്ബ് അംഗങ്ങളാണ് നിർവഹിക്കുന്നത്. വിളവെടുക്കുന്ന ജൈവ പച്ചക്കറികൾ ഗ്രാമത്തിലെ 15 വീടുകളിലും ഉപയോഗിക്കുന്നു. അദ്ധ്വാനത്തിനൊടുവിൽ വിളവെടുക്കുമ്പോൾ അതീവ സന്തോഷം തോന്നാറുണ്ടെന്ന് ക്ലബ് ഭാരവാഹികളായ അഖില മനോജ്, സി.എം. ഫാത്തിമ, രശ്മി രവി, മഹേശ്വരി, കാവ്യ എസ് എന്നിവർ പറഞ്ഞു.