കൊച്ചി: ലോകത്തെ വിറപ്പിച്ച കൊവിഡിനെ പടിക്കുപുറത്തുനിറുത്തുന്നതിൽ ലക്ഷദ്വീപ് മാതൃകയായി. രോഗവ്യാപനം ലോകത്ത് റിപ്പോർട്ട് ചെയ്ത ഉടൻ പുറംലോകത്തേക്കുള്ള വഴികൾ കൊട്ടിയടച്ചാണ് ദ്വീപ് രക്ഷ ഒരുക്കിയത്. കേന്ദ്രഭരണ പ്രദേശമാണ് അറബിക്കടലിൽ ചിതറിക്കിടക്കുന്ന ലക്ഷദ്വീപ് സമൂഹം. കൊച്ചിയിൽ നിന്ന് 220 മുതൽ 440 കിലോമീറ്റർ വരെ ദൂരെയാണ് ദ്വീപുകൾ. കർശനമായ നിയന്ത്രണവും ജാഗ്രതയുമാണ് രോഗത്തെ അകറ്റിനിറുത്തിയത്.
# കരുതലിന്റെ 10 കവചങ്ങൾ
1.മാർച്ച് ആദ്യവാരം വിദേശ ടൂറിസ്റ്റുകളെ നിരോധിച്ചു
2. മാർച്ച് രണ്ടാംവാരം ഇന്ത്യൻ ടൂറിസ്റ്റുകളെ തിരിച്ചയച്ചു
3. ദ്വീപ് സന്ദർശിക്കാനുള്ള പെർമിറ്റ് നൽകുന്നത് നിറുത്തി
4. കപ്പൽ, വിമാന സർവീസുകൾ നിറുത്തിവച്ചു
5. ഇന്ത്യയിൽ പഠിച്ചിരുന്ന 3000 ത്തിലേറെ പേരെ തിരിച്ചെത്തിച്ച് നിരീക്ഷണത്തിലാക്കി
6. മുഴുവൻ ദ്വീപുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു
7. ലോക്ക് ഡൗൺ നിബന്ധനകൾ കർശനമായി നടപ്പാക്കി
8. ചികിത്സാസൗകര്യങ്ങൾ പരിമിതമായതിനാൽ ജാഗ്രത കൂട്ടി
9. സാമ്പിളുകൾ ആലപ്പുഴയിലെത്തിച്ച് പരിശോധിച്ചു
10. ബോധവത്കരണവും നിരീക്ഷണവും തുടരുന്നു
# പുറത്ത് 650 പേർ
കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ 650 ഓളം ദ്വീപുകാരുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇവർക്കുള്ള താമസം, ഭക്ഷണം എന്നിവ ലക്ഷദ്വീപ് ഭരണകൂടം ഏർപ്പാടാക്കി. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചേ തിരികെ കൊണ്ടുപോകൂ. എത്തുമ്പോൾ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
# ക്ഷേമം
എല്ലാവർക്കും സൗജന്യമായി 15 കിലോ അരിയും ഒരു കിലോ പരിപ്പും
ജീവനക്കാർക്കെല്ലാം ശമ്പളം. കരാർ, ദിവസവേതനക്കാർക്ക് ധനസഹായം
# നാവികസേന
രോഗബാധ സ്ഥിരീകരിച്ചാൽ ഇന്ത്യയിൽ എത്തിക്കാൻ എയർ ഇവാക്യുവേഷൻ പാഡ് എന്ന സംവിധാനം നേവി സജ്ജമാക്കി. രോഗിയെ പ്രത്യേക പേടകത്തിൽ കിടത്തി ഹെലികോപ്ടറിൽ ആശുപത്രികളിൽ എത്തിക്കും. ഹെലികോപ്ടറിലെ നാവികർക്ക് വൈറസ് പകരാത്ത സംവിധാനം കൊച്ചിയിലെ നേവൽ എയർക്രാഫ്റ്റ് യാർഡ് നിർമ്മിച്ചതാണ്.
''കവരത്തി, ആന്ത്രോത്ത് ദ്വീപുകളിലാണ് സഞ്ചാരികൾ എത്തുന്നത്. അവരെ തിരിച്ചയയ്ക്കുകയും കേന്ദ്ര നിർദ്ദേശം പാലിച്ച് നടപടികൾ സ്വീകരിക്കുകയും ചെയ്തത് രോഗപ്രതിരോധം എളുപ്പമാക്കി.
-മുഹമ്മദ് ഫൈസൽ എം.പി.
#
ആകെ ജനസംഖ്യ : 64,429
ദ്വീപുകൾ : 36
വിസ്തീർണം : 32 ചതുരശ്ര കി. മീറ്റർ
സാക്ഷരത : 91.85 ശതമാനം
ഭാഷ : മലയാളം
തലസ്ഥാനം : കവരത്തി