pachakkari
ചലച്ചിത്ര നടി കെ.പി.എ.സി ലീലയ്ക്ക് നഗരസഭാംഗം സെ ബി.വി.ബാസ്റ്റ്യൻ പച്ചക്കറി വിത്ത് നൽകുന്നു

ആലുവ: ലോക്ക് ഡൗണിന്റെ വിരസതയകറ്റാൻ ചലച്ചിത്ര നടി കെ.പി.എ.സി ലീല വീട്ടുമുറ്റത്തൊരുക്കിയത് വഴുതന തോട്ടം. കൊല്ലം സ്വദേശിനിയായ ലീല ഇപ്പോൾ ആലുവായിലെ വാടക വീട്ടിലാണ് താമസം. വീട്ടുമുറ്റത്തെ പരിമിതമായ സ്ഥലത്താണ് വഴുതനയുൾപ്പെടെ ചെറിയ കൃഷിക്ക് മുന്നിട്ടിറങ്ങിയത്.

വെണ്ടക്ക, പാവയ്ക്ക, കോവയ്ക്ക, പുതിന എന്നിവയ്ക്ക് പുറമേ പപ്പായയും നട്ടുവളർത്തിയിട്ടുണ്ട്. സൗഹൃദങ്ങളിലുള്ള പലരും തന്നെ കാണാനെത്തുമ്പോൾ അവരോട് ആവശ്യപ്പെടുന്നത് വായനയ്ക്കുള്ള പുസ്തകങ്ങളും പച്ചക്കറി വിത്തുകളുമാണ്.
മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങി നിരവധി നാടകങ്ങളിലും സിനിമകളിലും നായികാവേഷമിട്ടിട്ടുള്ള ലീല ഒരു ഇടവേളയ്ക് ശേഷം വീണ്ടും സിനിമാസീരിയൽരംഗത്ത് സജീവമാകുകയാണ്. ലീലയുടെ കൃഷിയോടുള്ള താൽപര്യം മനസിലാക്കി നഗരസഭാംഗം സെബി വി. ബാസ്റ്റ്യൻ തനിക്ക് കൃഷി വകുപ്പിൽ നിന്നും ലഭിച്ച വിത്തുകളിൽ ചിലത് അവരുടെ വീട്ടിലെത്തി കൈമാറി.