കോലഞ്ചേരി: വേനൽ മഴയിൽ കരുതൽ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. 20 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്താണ് അപകടകരമാകുന്ന മിന്നലുണ്ടാകുന്നത്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിക്കാം. മിന്നൽ പലതും ദൃശ്യമാകില്ല എന്നതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കണം.


#നിർദേശങ്ങൾ

* ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക

* മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേയ്ക്കോ മിന്നലുള്ള സമയത്ത് പോകരുത്

*ഗൃഹോപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കുക

*ജനലും വാതിലും അടച്ചിടുക

*ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല

*ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക

*ഇടിമിന്നലുള്ളപ്പോൾ കുളിയ്ക്കരുത്

*വീടിനകത്ത്,ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക

*വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

*വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസായ സ്ഥലത്ത് നിർത്തി,

ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം

*ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

*തുറസായ സ്ഥലത്ത് നിൽക്കേണ്ടി വന്നാൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക

#സുരക്ഷിതരാകാം
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏ​റ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് മനസിലാക്കണം. അതിനാൽ മിന്നലേ​റ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകണം. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണെന്ന് മറക്കരുത്.