കോലഞ്ചേരി: ഷേവിംഗില്ല, കട്ടിംഗു മാത്രം, മുടിവെട്ടാൻ ബുക്കിംഗ് തുടങ്ങി. വെളുത്ത തല കറുപ്പിക്കില്ല, ക്രീമും കോസ്മെറ്റിക്കുമില്ല, ഓൺലി മുടിവെട്ടൽ മാത്രം.
സാമൂഹിക അകലം പാലിച്ച് മുടി വെട്ടാനായി കടയിലെ ഇരിപ്പിടങ്ങൾക്കും സ്ഥാനമാറ്റം. കടയിൽ രണ്ടാളിൽ കൂടുതൽ നിർത്തില്ല. നിയന്ത്രണങ്ങൾ നീക്കും വരെ ഫോണിൽ ആളെ വിളിച്ചെത്തിച്ചാകും പണി.
കൊവിഡ് ഭീതിക്കിടെ ബാർബർ ഷോപ്പുകൾ 25 മുതൽ തുറക്കുകയാണ്. ഒരു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുമ്പോൾ തിക്കുംതിരക്കും ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും അടയ്ക്കേണ്ടി വരും. ഇത് മനസിലാക്കി ബാർബർമാരുടെ സംഘടന അംഗങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നല്കി കഴിഞ്ഞു.
സംഘടനയുടെ നിർദേശങ്ങൾ
ആളെ നേരിട്ട് സ്പർശിക്കാതെ മുടിവെട്ടി തീർക്കണം.
ഒരാളുടെ മുടി വെട്ടി കഴിഞ്ഞാൽ ഉപകരണങ്ങൾ അണുമുക്തമാക്കും.
മുടി വെട്ടാൻ വരുന്നവർ ദേഹത്തിടാൻ സ്വന്തം ടവൽ കൊണ്ടുവരണമെന്ന് അപേക്ഷിക്കുക.
കടകളിൽ പരമാവധി ടൗവ്വൽ കരുതണം. ഒരാൾക്ക് ഒന്നു വീതം ഉപയോഗിക്കണം.
ഉപയോഗ ശേഷം ടൗവൽ അടപ്പുള്ള പാത്രത്തിൽ സൂക്ഷിച്ച് അണുനാശിനി ഉപയോഗിച്ച് കഴുകി പതിനഞ്ചു മിനിറ്റ് വെള്ളത്തിൽ തിളപ്പിച്ച് ഉണക്കി തേക്കണം.
ടിഷ്യൂ പേപ്പർ കഴുത്തിൽ ചുറ്റിയ ശേഷം മാത്രമെ ടൗവൽ ഇടാവൂ.
ട്രിമ്മർ കൊണ്ട് പരമാവധി പണികൾ പൂർത്തിയാക്കണം.
എല്ലാ കടകളിലും ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി സാനിറ്റൈസറും, വെള്ളവും, സോപ്പും കരുതണം.
കൊവിഡ് പ്രതിരോധങ്ങൾ പരമാവധി പാലിക്കും. ഉപഭോക്താക്കൾ സഹകരിക്കണം.
പി.കെ ബാബു
കെ.എസ്.ബി.എ ജില്ലാ വൈസ് പ്രസിഡന്റ്