visrutha
കഥകളിയിലൂടെ നേടിയ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറുന്ന വിശ്രുത.

കൊച്ചി: കഥകളി വേഷങ്ങളിൽ പച്ചയും കത്തിയുമാണ് വിശ്രുതയ്ക്കിഷ്ടം. ജീവിതത്തിലാകട്ടെ കരുണയുടെയും സഹജീവി സ്‌നേഹത്തിന്റെയും യാഥാർത്ഥ്യവും. അതു കൊണ്ടു തന്നെ കഴിഞ്ഞ സീസണിൽ കഥകളിയിലൂടെ ലഭിച്ച തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഈ ആറാംക്ളാസുകാരിക്ക്.

വടക്കൻ പറവൂർ കാടശേരിൽ ജെ. വിജയകുമാറിന്റെയും സിന്ധുവിന്റെയും മകളായ വിശ്രുത നാലര വയസുമുതൽ കഥകളി അഭ്യസിക്കുന്നുണ്ട്. ഏഴാംവയസിലായിരുന്നു അരങ്ങേറ്റം. കൊവിഡ് മൂലം നിരവധി വേദികൾ നഷ്ടമായെങ്കിലും നിരാശയൊട്ടുമില്ല.

കളക്ടറേറ്റിലെത്തി മന്ത്രി വി.എസ് സുനിൽകുമാറിന് 10500 രൂപയുടെ ചെക്ക് വിശ്രുത കൈമാറി. 2018 ലെ പ്രളയം തകർത്ത വടക്കൻ പറവൂരിലും അച്ഛനൊപ്പം സഹായങ്ങളുമായി എത്തിയിരുന്നു വിശ്രുത. അന്നും കലയിൽ നിന്ന് നേടിയ സമ്പാദ്യത്തിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുിതാശ്വാസ നിധിയിലേക്ക് നൽകിയതാണ്.

"ചില നൽകലുകൾ തുകകളുടെ വലിപ്പം മൂലമല്ല മറിച്ച് അതു നൽകാനുള്ള മനസിന്റെ കരുതൽ മൂലമാണ് വ്യത്യസ്തമാവുന്നത്. ഇത്തരം കരുതലുകൾ കോടികൾ വിലമതിക്കുന്നതാണ്. "

മന്ത്രി വി.എസ് സുനിൽകുമാർ