benny-behanan

കൊച്ചി: കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ സ്‌പ്രിൻക്ളർ എന്ന വിദേശ കമ്പനിക്ക് കൈമാറിയ മുഖ്യമന്ത്രിയും പാർശ്വവർത്തികളായ ഉദ്യോഗസ്ഥരും ചേർന്ന് കേരളത്തെ വിൽക്കുകയാണ് ചെയ്തതെന്നും ഇതു രാജ്യദ്രോഹമാണെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ശേഖരിച്ച വിവരങ്ങൾ ആഗോളതലത്തിൽ ഉപയോഗിക്കാൻ കമ്പനിക്ക് അവകാശപ്പെട്ടതാണെന്നും കരാറുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ ന്യൂയോർക്കിലെ ഫെഡറൽ കോടതിയുടെ പരിധിയിലാണ് വരികയെന്നും സർക്കാരുമായി കമ്പനിയുണ്ടാക്കിയ മാസ്റ്റർ കരാറിൽ പറയുന്നു. കേരളമെന്ന ഒൗഷധവിപണി ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് തുറന്നുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. ആധാർ കേസിൽ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ സി.പി.എം നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. സി.പി.എമ്മിന്റെ നയങ്ങൾക്കു വിരുദ്ധമായി വിവരങ്ങൾ വിദേശകമ്പനിക്ക് കൈമാറിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊളിറ്റ് ബ്യൂറോ തിരുത്തണമെന്നും ഐ.ടി സെക്രട്ടറിക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.