നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിനായി മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ച് കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
സൗജന്യ മരുന്ന് വിതരണം, ഭക്ഷണ വിതരണം, ഗതാഗത സൗകര്യം, സന്നദ്ധ പ്രവർത്തകരുടെ സേവനം, പ്രവാസികൾക്കായുള്ള പ്രത്യേക ഹെൽപ്പ് ലൈൻ, സൗജന്യ മാസ്‌ക്, ഡോക്ടർമാരുടെ സേവനം തുടങ്ങിയ സൗകര്യങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സേവനങ്ങളെല്ലാം ആപ്ലിക്കേഷൻ മുഖാന്തരം അറിയാം.
കൊവിഡിനെ സംബന്ധിച്ച തത്സമയ വിവരങ്ങളും ലഭ്യമാകും.
പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. എം.ഇ.എസ് സി.ഇ.ടി കുന്നുകര സെക്രട്ടറി അബ്ദുൽ സലാം, പ്രിൻസിപ്പൽ ആത്മാറാം, ഡീൻ ജയശങ്കർ, അജാസുദീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആപ്പ് തയ്യാറാക്കിയ സജിത്ത് ലാൽ, ഫാരിസ്, ഫയാസ്, അമൽ, ദിവേക് തുടങ്ങിയവരെ ആദരിച്ചു.