rajasree
മൊബൈൽ ഫോണുപയോഗിച്ച് കുട്ടികളുമായി ക്വിസ് മത്സരം നടത്തുന്ന രാജശ്രി ടീച്ചർ

കൊച്ചി: ലോക്ക് ഡൗണിൽ കുടുങ്ങിയ ശിഷ്യർക്ക് നേരംപോക്കിന് രാജശ്രീ ടീച്ചർ ആരംഭിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിൽ ഗൾഫിൽ നിന്നു വരെയാണ് ഇപ്പോൾ പങ്കാളിത്തം. ഈയാഴ്ച മത്സരം അവസാനിക്കും. സ്കൂൾ തുറന്നാൽ സമ്മാനദാനം.

എറണാകുളം സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക രാജശ്രീ പി.ആർ തുടങ്ങിയതാണ് മത്സരം. ലോക്ക് ഡൗൺ കാലത്ത് ശിഷ്യരുടെ കഴിവുകൾ മിനുക്കുകയായിരുന്നു ലക്ഷ്യം.

നേരംപോക്കായി കരുതിയ മത്സരം കാഷ് പ്രൈസ് പ്രഖ്യാപിച്ചതോടെ പിള്ളേർ ഗൗരവമായെടുത്തു. ഇംഗ്ളീഷിൽ രണ്ടു മിനിറ്റ് പ്രസംഗം റെക്കാർഡ് ചെയ്ത് ടീച്ചർക്ക് വാട്ട്സ്ആപ്പ് ചെയ്യും. വിഷയം ടീച്ചർ നൽകും. മുപ്പതിലേറെപേർ പങ്കെടുത്തു. കേട്ടറിഞ്ഞ് ദുബായിയിലെ ഒരു പെൺകുട്ടിയും പങ്കാളിയായി. അവസാന റൗണ്ട് ഈമാസം 15 ന് ആരംഭിച്ചു. അപകടകാരിയായ കൊവിഡ് 19 ഉം കേരളവും ആയിരുന്നു ഫൈനൽ വിഷയം.

അവസാന വിജയികളെ തിരഞ്ഞെടുക്കാൻ അഞ്ചംഗ ജൂറിയെ നിയോഗിച്ചിട്ടുണ്ട്. അടുത്തയാഴ്ച വിജയികളെ പ്രഖ്യാപിക്കും. മികച്ച നാലെണ്ണത്തിന് ക്യാഷ് പ്രൈസ് ഉൾപ്പടെ നൽകും.

# എഴുത്ത്, പരിസ്ഥിതി

സ്കൂളിലെ ഇംഗ്ളീഷ് കമ്മ്യൂണിക്കേഷൻ ക്ളബ് രൂപീകരിച്ചത് രാജശ്രീയാണ്. പ്രസംഗം, വാർത്താവായന, പുസ്തക അവലോകനം, ക്വിസ്, സ്കിറ്റ്, നൃത്തം, പാട്ട്, പുതിയ വാക്കുകൾ പഠിക്കൽ തുടങ്ങിയവയാണ് ക്ളബിന്റെ പ്രവർത്തനം. പ്ളാസ്റ്റിക് നിർമ്മാർജനം, പരിസ്ഥിതിസംരക്ഷണം എന്നിവയ്ക്ക് ഇക്കോ ക്ളബും രൂപീകരിച്ചു.

ഇംഗ്ളീഷിൽ ബിരുദാനന്തരബിരുദവും ബി.എഡും പത്രപ്രവർത്തനത്തിൽ ഡിപ്ളോമയും നേടിയ ടീച്ചർ രാജശ്രീ കുമ്പളം എന്ന പേരിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

# ഭാഷാ പ്രാവീണ്യം വളരാൻ
"കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും പ്രസംഗപാടവവും സാമൂഹ്യ അവബോധവും വളർത്തുക എന്നതാണ് ലക്ഷ്യമിട്ടത്. കുട്ടികളും മത്സരത്തെ ഗൗരവമായി കണ്ടു."

രാജശ്രീ ടീച്ചർ