കൊച്ചി : ലോക്ക് ഡൗൺ മൂലം മരുന്നു കിട്ടാതാവുമെന്ന പൊന്നുരുന്നി സ്വദേശി രജിത്തിന്റെ ആശങ്ക നീങ്ങി. ജില്ലയുടെ അതിർത്തി കടന്ന് മരുന്നുമായി വീട്ടിലെത്തിയത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. മൂവാറ്റുപുഴയിൽ മണ്ണു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായ രജിത്തിന് മരുന്നു മുടങ്ങിയിട്ട് രണ്ടു ദിവസമായി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ നിന്നാണ് മരുന്നു വാങ്ങുന്നത്. ലോക്ക് ഡൗണിനെത്തുടർന്ന് എറണാകുളം ജില്ല വിട്ടു പുറത്തു പോകാനാവാത്ത സാഹചര്യം വന്നതോടെ ശരിക്കും കുടുങ്ങി. ചങ്ങനാശേരിയിലേക്ക് ബൈക്കിൽ പോയി മരുന്നു വാങ്ങാനുള്ള സഹോദരന്റെ ശ്രമവും നടന്നില്ല. ഇൗ ഘട്ടത്തിലാണ് ഫയർ ഫോഴ്സ് അധികൃതർ രക്ഷയ്ക്ക് എത്തിയത്. രജിത്തിന്റെ ഇളയച്ഛനായ പി.ജ. പ്രദീപ് തന്റെ സുഹൃത്തായ കടവന്ത്ര ഫയർ സ്റ്റേഷനിലെ സേഫ്ടി ബീറ്റ് ഒാഫീസർ എസ്. അനിൽ കുമാറിനോടു കാര്യം പറഞ്ഞു. പിന്നെ സംഗതി വേഗത്തിലായി. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ ഫയർ ഒാഫീസർ കെ.എൻ. സുരേഷ്, സീനിയർ ഒാഫീസർ സുരേഷ് എന്നിവർ ചേർന്ന് ചങ്ങനാശേരി ക്യുവർ സെന്ററിലെ ഡോ. സുബ്രഹ്മണ്യന്റെ പക്കൽ നിന്ന് മരുന്ന് വാങ്ങി കോട്ടയം ഫയർ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള അവശ്യ മരുന്നുകളുമായി പോയ കടവന്ത്ര ഫയർ സ്റ്റേഷനിലെ മനുപ്രസാദ്, സന്ദീപ് എന്നിവർ രജിത്തിനുള്ള മരുന്ന് കൈപ്പറ്റി ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ബീറ്റ് ഒാഫീസർ അനിൽ കുമാർമരുന്ന് രജിത്തിന് വീട്ടിലെത്തിച്ചു കൊടുത്തു.