nasif
നാസിഫ്

# പ്രതി പള്ളി കമ്മിറ്റി സെക്രട്ടറിയുടെ മകൻ

നെടുമ്പാശേരി: ചെങ്ങമനാട് മേയ്ക്കാട് ജുമാ മസ്ജിദിന്റെ ജനൽ ചില്ല് കല്ലെറിഞ്ഞു തകർത്ത പ്രതിയെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. മേയ്ക്കാട് ചെരിയംപറമ്പിൽ വീട്ടിൽ നാസിഫാണ് (23) അറസ്റ്റിലായത്. പള്ളി കമ്മിറ്റി സെക്രട്ടറി ബാവകുഞ്ഞിന്റെ മകനാണ്. ബാവകുഞ്ഞാണ് പരാതി നൽകിയിരുന്നത്.
കഴിഞ്ഞ രണ്ടിന് രാത്രിയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷമായിരുന്നു അറസ്റ്റ്. നാസിഫ് പള്ളി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തതിന് വീട്ടുകാർ വഴക്കുപറയുന്നത് പതിവാണ്. സംഭവദിവസവും വഴക്കുണ്ടായി. പിതാവ് സെക്രട്ടറിയായ പള്ളിയുടെ ഭിത്തിയിലേക്ക് ഇതിന്റെ വാശിയിൽ കല്ല് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.കെ. ജോസി, സബ് ഇൻസ്‌പെക്ടർ ആർ. രഗീഷ്‌കുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒ സിനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.