kinar
സ്വന്തം വീട്ടുമുറ്റത്ത് കിണർ കുഴിക്കുന്ന അകപ്പറമ്പ് സ്വദേശി ഏല്യാസും ഭാര്യ ലിസിയും മകൻ ബിബിനും

നെടുമ്പാശേരി: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരിക്കാതെ ഭാര്യയും മകനുമായി ചേർന്ന് കുഴിച്ച കിണറിൽ വെള്ളത്തിന്റെ ഉറവ കണ്ടതിന്റെ സന്തോഷത്തിലാണ് നെടുമ്പാശേരി അകപ്പറമ്പ് സ്വദേശി എ.എം. ഏല്യാസും കുടുംബവും.

ലോക്ക് ഡൗൺ കാലത്ത് നാടിനും വീടിനും ഗുണകരമാകുന്ന പ്രവൃത്തി ചെയ്യണമെന്ന ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. ഗംഗാധരന്റെ വാക്കുകൾ ഉൾകൊണ്ടാണ് ഏല്യാസ് കിണർ കുഴിക്കാനിറങ്ങിയത്. ഏല്യാസ് അടുത്തിടെ പണികഴിപ്പിച്ച വീട്ടിൽ കിണർ ഉണ്ടായിരുന്നില്ല. വർഷക്കാലത്തിന് മുമ്പ് കിണർ കുഴിക്കണമെന്ന് ആലോചിച്ചിരിക്കെയാണ് ലോക്ക് ഡൗൺ വന്നത്. തുടർന്നാണ് കിണർ പണി ആരംഭിച്ചു. ഒമ്പതാം നാളിൽ 25 അടിയോളം ആഴമെത്തിയപ്പോഴേക്കും വെള്ളത്തിന്റെ ഉറവയായി. കുറച്ച് അറ്റകുറ്റപ്പണി കൂടി കഴിഞ്ഞാൽ ഏല്യാസിന് കുടിവെള്ളമായി.

അത്താണിയിലുള്ള കേരള ആയൂർവേദ ഫാർമിസിയിൽ ജീവനക്കാരനാണ് ഏല്യാസ്. ഭാര്യ ലിസി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയും മകൻ ബിബിൻ കോളേജ് വിദ്യാർത്ഥിയുമാണ്. മൂത്തമകൻ എബിൻ ബാംഗ്ളൂരിലായതിനാൽ ഇവരുടെ കൂടെ കൂടാനായില്ല. ഇതിൽ പങ്ക് ചേരുവാൻ കഴിയാതിരുന്ന എബിൻ എല്ലാ ദിവസവും വീട്ടിലേയ്ക്ക് വിളിച്ച് കിണറിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിയുന്നുണ്ടായിരുന്നു .വർഷങ്ങൾക്ക് മുമ്പ് സുഹൃത്തിന്റെ വീട്ടിൽ കിണർ കുഴിക്കുന്നതിന് ഏല്യാസും പങ്കാളിയായിട്ടുണ്ട്. ഈ അനുഭവം മാത്രമാണ് സ്വന്തം വീട്ടിൽ കിണർ കുഴിക്കാൻ ആത്മവിശ്വാസം നൽകിയതെന്ന് ഏല്യാസ് പറഞ്ഞു.