# കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഭണ്ഡാരം തുറക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ്
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ തിരക്കിട്ട് എണ്ണുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ അണാപൈസ വരെ നുള്ളിപ്പെറുക്കിയെടുക്കുന്നതിന്റെ ഭാഗമാണ് കൊവിഡ് പ്രതിരോധം ലംഘിക്കുമെന്ന് ഉറപ്പുള്ള ഈ നടപടി.
ഏപ്രിൽ 25നകം എല്ലാ ക്ഷേത്രഭണ്ഡാരങ്ങളും തുറന്ന് എണ്ണി തുക ബാങ്കിൽ അടയ്ക്കാൻ ദേവസ്വം അസി. കമ്മിഷണർമാർക്ക് ദേവസ്വം സെക്രട്ടറി വാട്ട്സ് ആപ്പിൽ സർക്കുലർ നൽകിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ സുരക്ഷാ ജീവനക്കാരുടെ കുറവുള്ളതിനാലും മോഷണസാദ്ധ്യത കണക്കിലെടുത്തുമാണ് ഈ നീക്കമെന്ന് സർക്കുലറിലുണ്ടെങ്കിലും ഉദ്ദേശ്യം എങ്ങിനെയും ജീവനക്കാർക്ക് ശമ്പളം നൽകുക എന്നതു തന്നെയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. സർക്കാർ സഹായവും ബോർഡ് തേടിയിട്ടുണ്ട്. ഭണ്ഡാരത്തിൽ നിന്ന് ആവശ്യത്തിന് പണം ലഭിച്ചില്ലെങ്കിൽ നീക്കിയിരിപ്പ് ഫണ്ടിൽനിന്ന് എടുക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ശ്രമം. അഞ്ചരക്കോടിയോളം രൂപയാണ് മാസം ബോർഡിന് ശമ്പളച്ചെലവ്. വരവും ചെലവും കഷ്ടി ഒപ്പിച്ചാണ് ബോർഡ് മുന്നോട്ടുപോകുന്നത്.
മാർച്ചും ഏപ്രിലുമാണ് കൊച്ചിൻ ദേവസ്വം ബോർഡിന് ഏറ്റവും വരുമാനമുള്ള മാസങ്ങൾ. ഇതുകൊണ്ടാണ് ഒരു വർഷത്തെ സാമ്പത്തിക ഇടപാടുകൾ നടത്താറ്. ചോറ്റാനിക്കര മകം, കൊടുങ്ങല്ലൂർ ഭരണി, ആറാട്ടുപുഴ, തൃശൂർ പൂരങ്ങൾ എന്നിവയിൽ നിന്നുള്ള വരുമാനമാണ് ഈ മാസങ്ങളിൽ പ്രധാനം. ചോറ്റാനിക്കര മകം ഒഴികെ ഇക്കുറി മറ്റ് ഉത്സവങ്ങൾ ഉപേക്ഷിക്കേണ്ടിവന്ന ക്ഷീണത്തിൽ നിന്ന് കരകയറുക എളുപ്പമല്ല.
മാർച്ചിൽ മിക്കവാറും ക്ഷേത്രങ്ങളിലെ ഭണ്ഡാരം എണ്ണിയതാണ്. ക്ഷേത്രങ്ങൾ അടച്ചിട്ടശേഷം പുറത്തുള്ള ഭണ്ഡാരങ്ങളിൽ മാത്രമേ എന്തെങ്കിലും വരവുണ്ടായിട്ടുള്ളൂ.
ബോർഡിന്റെ ചോറ്റാനിക്കര, കൊടുങ്ങല്ലൂർ തുടങ്ങിയ വലിയ ക്ഷേത്രങ്ങളിൽ ഇരുപതോളംപേർ രണ്ടും മൂന്നും ദിവസം കൊണ്ടാണ് ഭണ്ഡാരം എണ്ണുന്നത്. ഇടത്തരം ക്ഷേത്രങ്ങളിൽപോലും ഭണ്ഡാരം അസി. കമ്മിഷണർ, റവന്യൂ ഇൻസ്പെക്ടർ, ദേവസ്വം ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ എല്ലാ ജീവനക്കാരെയും ഇതിന് നിയോഗിക്കും.
നിലവിലെ പശ്ചാത്തലത്തിൽ ഭണ്ഡാരവരവ് കുറവായതിനാൽ മൂന്നോ നാലോ പേർ മതിയാകുമെന്നാണ് ബോർഡ് നിലപാട്. ഇതെത്രത്തോളം സാദ്ധ്യമാകുമെന്ന സംശയവുമുണ്ട്.