കൊച്ചി: ചെറിയ വസ്തുക്കൾ അണുമുക്തമാക്കാൻ കഴിയുന്ന അൾട്രാ വയലറ്റ് യൂണിറ്റ് ദക്ഷിണ നാവികത്താവളം നിർമ്മിച്ചു. മുംബയ് ഐ.ഐ.ടിയുടെ പ്രബന്ധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉപകരണം നിർമ്മിച്ചത്.
പെട്ടി പോലെയാണ് ഉപകരണം. പെട്ടിക്കുള്ളിൽ അലുമിനിയം ഫോയിൽ പതിപ്പിച്ചു. രണ്ട് യു.വി ലൈറ്റുകൾ ഉള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്. പെട്ടിക്കുള്ളിൽ വയ്ക്കുന്ന വസ്തുക്കളെ മിനിറ്റുകൾക്കകം അണുമുക്തമാക്കാൻ കഴിയും. സേനയുടെ ആരോഗ്യവിദഗ്ദ്ധർ ഉപകരണം പരിശോധിച്ച് മികച്ചതെന്ന് സാക്ഷ്യപ്പെടുത്തി. കറൻസി, ഡയറി, വാലറ്റ്, പേന, മൊബൈൽ, താക്കോൽ തുടങ്ങിയവ അണുമുക്തമാക്കാം.
അയ്യായിരം രൂപയാണ് ഉപകരണത്തിന്റെ ചെലവ്. നേവൽ ഷിപ്പ് റിപ്പയർ യാർഡാണ് ഉപകരണം വികസിപ്പിച്ചത്. കൊണ്ടുനടന്ന് ഉപയോഗിക്കാം. രാസലായനികൾ ഉപയോഗിക്കാത്തതിനാൽ മറ്റു തകരാറുകളുണ്ടാകില്ലെന്ന് നേവി അധികൃതർ പറഞ്ഞു.