കൊച്ചി :ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചിടേണ്ടിവന്ന കീഴ്ക്കോടതികൾ കർശന നിയന്ത്രണങ്ങൾക്കു വിധേയമായി ചൊവ്വാഴ്ച മുതൽ ഘട്ടംഘട്ടമായി പ്രവർത്തനമാരംഭിക്കും. ഗ്രീൻ, ഒാറഞ്ച് ബി സോണുകളിലുള്ള ഇടുക്കി, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 21 മുതലും ഒാറഞ്ച് എ സോണിലുൾപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 27 മുതലുമാണ് കോടതികൾ പ്രവർത്തിക്കുക. റെഡ് സോണിലുള്ള ജില്ലകളിലെ കോടതികളുടെ പ്രവർത്തനം ലോക്ക് ഡൗൺ കാലാവധിക്കുശേഷം നിശ്ചയിക്കും. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിറക്കിയ ഉത്തരവും ലോക്ക് ഡൗൺ കാലത്ത് കോടതികൾ പ്രവർത്തിക്കുന്നതിനായി സുപ്രീംകോടതി നൽകിയ നിർദ്ദേശങ്ങളും കണക്കിലെടുത്താണ് കീഴ്ക്കോടതികളുടെ പ്രവർത്തനം തുടങ്ങാൻ ഹൈക്കോടതി അനുമതി നൽകിയത്.
നിർദ്ദേശങ്ങൾ:
റെഗുലർ സിറ്റിംഗ് വേണമെന്ന് നിർബന്ധമില്ല.
വീഡിയോ കോൺഫറൻസിംഗ് സംവിധാനം തുടരണം.
മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹ്യഅകലം ഉറപ്പാക്കണം.
സിവിൽ കേസുകൾ പരിഗണിക്കേണ്ടതുണ്ടെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം.
ആവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ജില്ലാ ജഡ്ജിമാർ ഉറപ്പാക്കണം.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് പ്രവർത്തിക്കേണ്ടത്.