മനുഷ്യർക്ക് സ്വന്തം പരിമിതികൾ സ്വയം തിരിച്ചറിയാനായി ലഭിച്ച അവസരമാണ് ഈ കൊവിഡ് കാലമെന്ന് കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് വിപ്ളവം രചിച്ച മഹാരാജാ ശിവാനന്ദൻ പറയുന്നു. ജീവിത തിരക്കുകൾക്കിടയിൽ ഇത്രയും ദിവസങ്ങൾ ഇങ്ങിനെ വെറുതെ ഇരുന്ന കാലമില്ല. ജീവിതത്തെയും ചുറ്റുപാടുകളെയും വിമർശനാത്മകമായി നിരീക്ഷിക്കാൻ കിട്ടിയ അവസരമായാണ് ഈ സന്ദർഭം വിനിയോഗിച്ചത്.
ഒട്ടേറെ പേർക്ക് ജീവഹാനിയും വേദനകളും സൃഷ്ടിച്ച കൊവിഡ് മഹാമാരി ആധുനിക ലോകം നേരിട്ട ഏറ്റവും സങ്കീർണമായ പ്രതിസന്ധിയാണ്. വികസിത രാജ്യങ്ങളിൽ പോലും മനുഷ്യർ പുഴുക്കളെ പോലെ മരിച്ചു വീണു. അപ്പോഴും ഭാരതവും ഈ കൊച്ചു കേരളവും ലോകത്തിന് മാതൃകയായി. കടുത്ത തീരുമാനങ്ങളും ഉറച്ച നിലപാടുകളും പ്രത്യേക പാക്കേജുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ യശസുയർത്തി. പ്രതിരോധമരുന്നുകൾക്കായി അമേരിക്കയുൾപ്പടെ ഭാരതത്തിന് മുന്നിൽ സഹായമഭ്യർത്ഥിച്ചു.
കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നമ്മുടെ ആരോഗ്യപ്രവർത്തകരും മലയാളികൾക്ക് അഭിമാനമാണ് സമ്മാനിച്ചത്. അസാധാരണമായ മികവോടെ ഒത്തൊരുമയോടെ കാര്യശേഷിയോടെയാണ് നാം കൊവിഡിനെ അകറ്റി നിറുത്തിയത്. നമ്മുടെ പൊതു ആരോഗ്യരംഗത്തിന്റെ ശക്തി ലോകത്തിന് കാണിച്ചു കൊടുക്കാനും സാധിച്ചു.
നിനച്ചിരിക്കാതെ വന്ന കൊവിഡ് ലോക്ക് ഡൗൺ മലയാളികളെ സ്വയം തിരിച്ചറിയാൻ സഹായിക്കും. നമ്മുടെ ജീവിത ശൈലിയെയും ആരോഗ്യത്തെയും ആഹാര രീതികളെയും സഹജീവി സ്നേഹത്തെയും ബന്ധങ്ങളെയും കുറിച്ച് ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു ഈ സന്ദർഭം.
സമയമില്ലെന്ന പേരിൽ സ്വന്ത ബന്ധങ്ങളെ മറന്നുള്ള പാച്ചിലിൽ ഒരു കാര്യവുമില്ലെന്ന് ജനങ്ങൾക്ക് തിരിച്ചറിയാനായി. നമ്മളെ ആശുപത്രിക്കിടക്കകളിലേക്കെത്തിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരവും ഭക്ഷണ രീതികളും വേണമെങ്കിൽ ഉപേക്ഷിക്കാമെന്ന് മനസിലായി. ആശുപത്രികളിലേക്കുള്ള പാച്ചിലും ചികിത്സകളും ഏറെയും അനാവശ്യമായിരുന്നെന്നും ബോധ്യപ്പെട്ടു. ആൻജിയോപ്ളാസ്റ്റികളും കണ്ണ് ഓപ്പറേഷനുകളും പലവിധ സർജറികളും സ്വിച്ചിട്ട പോലെയാണ് നിന്നത്. എന്തിനാണ് ഇത്രയും ആശുപത്രികൾ എന്നു പോലും ചിന്തിച്ചുപോയി. ആരോഗ്യമുള്ള മനസും ശരീരവും തന്നെയാണ് ഏറ്റവും വലിയ വരദാനമെന്ന് ഇനിയെങ്കിലും മലയാളികൾ മനസിലാക്കട്ടെ. മായവും വിഷവും കലർന്ന പച്ചക്കറികളും മറ്റ് ഭക്ഷണ സാധനങ്ങളും ഉപേക്ഷിച്ച് കഴിയുന്നത്ര നമ്മൾ തന്നെ വിളയിച്ചെടുത്തവ ഉപയോഗിക്കാനും ശ്രമിക്കണമെന്ന് മഹാരാജാ ശിവാനന്ദൻ പറയുന്നു.
ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ ശൂന്യതയിൽ നിന്ന് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് മഹാരാജാ ശിവാനന്ദന്റേത്. വന്ന വഴി മറക്കാത്ത, പണം മാത്രമല്ല ജീവിതമെന്ന് തിരിച്ചറിഞ്ഞ, ഇല്ലാത്തവന്റെയും വയ്യാത്തവന്റെയും വേദനയറിഞ്ഞ ഈ മനുഷ്യൻ അതുകൊണ്ട് തന്നെ നടന്ന വഴികളെല്ലാം കനിവിന്റെയും കരുതലിന്റെയും തണലാവുന്നു.
കൊല്ലം കുടിക്കോട്ടെ ലക്ഷ്മണന്റെയും ലക്ഷ്മിയുടെയും മകനായി പിറന്ന ശിവാനന്ദൻ ബാല്യവും കൗമാരവും കഷ്ടപ്പാടിലൂടെയാണ് താണ്ടിയത്. കൊച്ചിയുടെ വസ്ത്രവ്യാപാരചരിത്രം തിരുത്തിക്കുറിച്ച വരവ് 1978ലായിരുന്നു. സ്വപ്നം കാണാനാകാത്ത വിലക്കുറവിൽ വസ്ത്രങ്ങൾ വിറ്റ അദ്ദേഹത്തിന്റെ കച്ചവട തന്ത്രം അവിശ്വസനീയമായിരുന്നു. 1981ൽ എം.ജി.റോഡ് ജോസ് ജംഗ്ഷനിലെ വാടകമുറിയിലായിരുന്നു മഹാരാജ എന്ന ബ്രാന്റിന്റെ പിറവി. സാധാരണക്കാർ ആ ചെറിയ കടയിലേക്ക് ഒഴുകിയെത്തി. അവർ തന്നെയായിരുന്നു മഹാരാജയുടെ ബ്രാന്റ് അംബാസഡർമാർ.1998ൽ ഡർബാർ ഹാൾ റോഡിലെ സ്വന്തം ഭൂമിയിലെ 10,000 ചതുരശ്ര അടി പുതിയ ഷോറൂം തുറന്നതോടെ വ്യാപാരം കത്തിക്കയറി.
കേരളത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വസന്തം വിരിയിച്ചത് മഹാരാജാ ശിവാനന്ദനാണ്. 15 രൂപയ്ക്ക് റെഡിമെയ്ഡ് കോട്ടൺ ഷർട്ട് കേരളത്തിലെ വസ്ത്രവിപണിയെ ഞെട്ടിച്ചു. ശിവ്മാൻ എന്ന പേരിൽ സ്വന്തം ബ്രാന്റിൽ തന്നെ ഷർട്ടും പാന്റ്സും ഷോപ്പിലെത്തി. കേരളത്തിലെ വസ്ത്രവിപണി പിന്നെയാണ് ഈ ട്രെൻഡിന് പിന്നാലെ പാഞ്ഞത്.
കുറഞ്ഞ വിലയ്ക്ക് വസ്ത്രങ്ങൾ ശേഖരിക്കാൻ കൽക്കട്ട, ഡൽഹി, സൂറത്ത്, മുംബയ്, തമിഴ്നാട് തുടങ്ങി നിർമ്മാണ ശാലകളിൽ നേരിട്ട് തന്നെ ചെന്നു. വലിയ തോതിൽ സ്റ്റോക്കെടുത്തു. വിലക്കുറവെന്ന വിജയമന്ത്രത്തെ ബന്ധങ്ങളുടെ കണ്ണികൾ കൊണ്ടാണ് അദ്ദേഹം വിളക്കിച്ചേർത്തിരിക്കുന്നത്. മുൻമുഖ്യമന്ത്രി കെ.കരുണാകരൻ, മുൻകേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, സി.പി.എം നേതാവ് എ.പി.വർക്കി, എം.കെ.രാഘവൻ, കെ.കെ.വിശ്വനാഥൻ വക്കീൽ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി.
മൂന്നര പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗത്തോടൊപ്പവും സമുദായ പ്രവർത്തനങ്ങളിലും സജീവമാണ്. യോഗം കണയന്നൂർ യൂണിയന്റെ ദീർഘനാളത്തെ സാരഥിയാണ്. ഇപ്പോൾ യൂണിയൻ ചെയർമാനും. ചേർത്തല ശ്രീനാരായണ കോളേജിലെ ആർ.ഡി.സി ചെയർമാനുമാണ്.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള ആത്മബന്ധം തന്റെ ജീവിതത്തെ സ്വാധീനിച്ച വലിയ ഘടകങ്ങളിലൊന്നാണെന്ന് ശിവാനന്ദൻ പറയുന്നു. രണ്ട് പതിറ്റാണ്ടോളം വെള്ളാപ്പള്ളിയുടെ എല്ലാ പ്രവർത്തനങ്ങൾക്കുമൊപ്പം നിഴൽ പോലെ ഉണ്ടായിരുന്നു. സമുദായ സേവനം എന്താണെന്ന് കണ്ടുപഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ഈഴവ സമുദായത്തിന് ലഭിച്ച അനുഗ്രഹമാണ് വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെയും ഓരോ യൂണിയന്റെയും ശാഖകളുടെയും പുരോഗതിക്ക് വേണ്ടി അദ്ദേഹം കൈക്കൊള്ളുന്ന നടപടികൾ മറ്റൊരാൾക്ക് ചെയ്യാനാകുമോയെന്ന് സംശയമാണ്. സ്നേഹമാണ് ആ മനുഷ്യന്റെ കരുത്ത്. ആ സ്നേഹം അനുഭവിക്കാൻ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തിലെ സൗഭാഗ്യമെന്നും ശിവാനന്ദൻ പറയുന്നു.
ആശ്രയമറ്റവർക്ക് കൈത്താങ്ങാകാൻ മഹാരാജ എന്ന ബിസിനസ് പ്രസ്ഥാനവും ശിവാനന്ദനും എല്ലാക്കാലത്തും ഉണ്ടായിരുന്നു. വരുമാനത്തിന്റെ പത്ത് ശതമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. നിരവധി പേർക്ക് വഴികാട്ടിയും രക്ഷകനുമായി. സേവനപ്രവർത്തനങ്ങൾക്കായി ലഭിച്ച അംഗീകാരങ്ങൾ നിരവധി. തിരുവിതാംകൂർ മഹാരാജാവിന്റെ പക്കൽ നിന്ന് പോലും പുരസ്കാരം വാങ്ങാനുള്ള ഭാഗ്യം ലഭിച്ചു. മഹാരാജ എന്നും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട സ്ഥാപനമാണ്. അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങളുടെ ഒരു ഭാഗം സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി ചിലവിടുന്നത് പുണ്യപ്രവർത്തിയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തമായ തുമ്പോളിക്കടപ്പുറം, സ്വപ്നലോകത്തെ ബാലഭാസ്കരൻ എന്നീ സിനിമകളുടെ നിർമ്മാതാവും ശിവാനന്ദനാണ്. 1995ൽ റിലീസായ ജയരാജ് സംവിധാനം ചെയ്ത തുമ്പോളി കടപ്പുറത്തിലാണ് വിഖ്യാത സംഗീത സംവിധായകായ സലിൽ ചൗധരി മലയാളത്തിൽ അവസാനമായി ഈണങ്ങളൊരുക്കിയത്.
രാജസേനൻ സംവിധാനം ചെയ്ത് 1996ൽ റിലീസായ സ്വപ്നലോകത്തെ ബാലഭാസ്കരൻ നടന്മാരായ ജയറാമിന്റെയും ദിലീപിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സിനിമയാണ്.
ആദ്യ സംസ്ഥാന അവാർഡ് ലഭിച്ച ടെലിവിഷൻ സീരിയൽ ചിത്രശലഭം നിർമ്മിച്ചതും മഹാരാജാ ശിവാനന്ദനാണ്. 172 എപ്പിസോഡുകളിൽ അമൃത ടി.വിയാണ് ഇത് സംപ്രേഷണം ചെയ്തത്. കൂടാതെ ഏഴ് ഡോക്യുമെന്ററികളും അദ്ദേഹം നിർമ്മിച്ചു. പ്രമുഖ ചാനൽ സംപ്രേഷണം ചെയ്യുന്ന പുതിയ സീരിയലിന്റെ പണിപ്പുരയിലാണ്. പുതിയൊരു സിനിമയും ആലോചനയിലുണ്ട്. ഇതിന്റെ കൂടിയാലോചനകൾ നടക്കുകയാണ്. ശിവാനന്ദൻ പറഞ്ഞു.
2002ൽ നിർമ്മിച്ച ജീവനകലയുടെ പുള്ളുവ ഗീതങ്ങൾ എന്ന ഡോക്യുമെന്ററിക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഇതുൾപ്പടെ ഏഴ് ഡോക്യുമെന്ററികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ഭാര്യ ഉഷ ശിവാനന്ദനും ബിസിനസിൽ പിന്തുണയുമായി അദ്ദേഹത്തിന് ഒപ്പമുണ്ട്. കടവന്ത്രയിലാണ് താമസം. ദീപ അനീഷ്, ആര്യൻ മഹാരാജ, സഞ്ജയ്, ശാലിനി എന്നിവരാണ് മക്കൾ.