കൊച്ചി: ലോക്ക് ഡൗൺ നീണ്ടാൽ ജീവിതം വഴിമുട്ടുമോയെന്ന തീപ്പെട്ടിക്കൊള്ളി നിർമ്മാണ തൊഴിലിലാളികളുടെ ആശങ്ക നീങ്ങി. ലോക്ക് ഡൗണിൽ സർക്കാർ ഇളവും പ്രവർത്തനാനുമതിയും നൽകിയതോടെ കമ്പനികൾ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും. തീപ്പെട്ടിയെ അവശ്യവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തി കേന്ദ്ര സർക്കാർ പ്രവർത്തനാനുമതി നൽകിയിരുന്നു. തീപ്പെട്ടിക്കൊള്ളി കേരളത്തിൽനിന്ന് നൽകണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. അസംസ്കൃതവസ്തുവായ മട്ടിമരം കമ്പനികൾ അടച്ചതോടെ നശിക്കുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ

സമയപരിധിയില്ലാതെ എത്ര ഷിഫ്റ്റ് വേണമെങ്കിലും പ്രവർത്തിക്കാനാണ് സർക്കാരിന്റെ അനുമതി. കൊവിഡ് -19 രോഗവ്യാപനംതടയാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

1. ഓരോ ഷിഫ്ടിനുമിടയിൽ ഒരു മണിക്കൂർ ഒഴിവുവേണം. ആവശ്യത്തിന് കാറ്റും വെളിച്ചവും കമ്പനിക്കുള്ളിൽ പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കണം.

2. അടുത്ത ഷിഫ്റ്റിന് മുമ്പ് കമ്പനി ശുചീകരിക്കണം.

3. ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പണിയെടുക്കരുത്.

4. തൊഴിലാളികൾക്ക് ഹാൻഡ് സാനിറ്റൈസറും മാസ്കും നൽകണം.

5. ആവശ്യമെങ്കിൽ ഗ്ളൗസ് ഉപയോഗിക്കണം

"തീപ്പെട്ടിക്കൊള്ളി നിർമ്മാണ യൂണിറ്റുകളുടെ അസംസ്‌കൃത വസ്തുവായ മട്ടിമരം എത്തിക്കാനുള്ള ഗതാഗതത്തിന് അനുകൂലമായ നിലപാടുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന അഭ്യർത്ഥന കൂടിയുണ്ട്. "

കെ.എം ഹുസൈൻ പള്ളിക്കര,

പ്രസിഡന്റ്

കേരള സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്സ് ആൻഡ് വീനിയേഴ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ