കൊച്ചി: കൺസ്യൂമർഫെഡിന്റെ ഗാന്ധിനഗറിലെ വിദേശമദ്യ ഷോപ്പിന്റെ ചിത്രം ഉൾപ്പെടുത്തി എല്ലാ ബ്രാന്റ് മദ്യവും വീട്ടിലെത്തിക്കുമെന്ന വ്യാജവാർത്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വാർത്തയുമായി കൺസ്യൂമർഫെഡിന് യാതൊരു ബന്ധവുമില്ലെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. വിദേശമദ്യം ഹോം ഡെലിവറി നടത്തുന്ന സംവിധാനം ആരംഭിച്ചിട്ടില്ല. വാർത്തയിൽ നൽകിയ ഫോൺ നമ്പർ കൺസ്യൂമർഫെഡിന്റെ ഔദ്യോഗിക നമ്പറോ സ്ഥാപനവുമായി ബന്ധപ്പെട്ടതോ അല്ല. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 25 മുതൽ കൺസ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്.