മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കരൾ മാറ്റൽ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികൾ, കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള സഹായമടക്കം മരുന്ന് നൽകുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധിക്ക് തുടക്കമായി.ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധന രോഗികൾക്ക് അവരുടെ വീടുകളിൽ മരുന്ന് എത്തിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ആവോലി ഗ്രാമപഞ്ചായത്തിലെ അടൂപറമ്പിൽ കരൾ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയ്ക്ക് ഒരു മാസത്തെയ്ക്ക് ആവശ്യമായ മരുന്നുകൾ എം.എൽ.എയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തിച്ച് നൽകി. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടുകാർക്ക് ജോലിയില്ലാതായതോടെ മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളിയിൽ ഡയാലിസിസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ച കുടുംബത്തിന് തുടർ ഡയാലിസിസിനായി സാമ്പത്തിക സഹായം നൽകി. പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂരിൽ ഹൃദയസംമ്പന്ധമായ അസുഖത്തെ തുടർന്ന് മരുന്ന് വാങ്ങിക്കാൻ കഴിയാത്ത കുടുംബത്തിനും ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ഹൃദയസംമ്പന്ധമായ അസുഖമൂലം മരുന്ന് വാങ്ങാൻ കഴിയാത്ത കുടുംബത്തിനും ഒരു മാസത്തെ മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു. മെഡിസിൻ ചലഞ്ച് പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആരക്കുഴ സ്വദേശിനിയ്ക്ക് ഒരു മാസത്തേയ്ക്ക് ആവശ്യമായ മരുന്നുകൾ എൽദോ എബ്രഹാം എം.എൽ.എ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.കെ.എ.ജോർജിന് കൈമാറി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, മുൻപഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, പഞ്ചായത്ത് മെമ്പർ സിബി കുര്യാക്കോ, ഹെൽത്ത് ഇൻസ്‌പെക്ടർ സിജോ മാത്യു, സി.കെ.സത്യൻ എന്നിവർ പങ്കെടുത്തു.