തൃക്കാക്കര : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കേസിലെ പ്രധാന പ്രതി കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് കൂടുതൽ പണം തട്ടിയതിന്റെ തെളിവുകൾ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചു.ബാങ്കുകൾ വഴി തട്ടിപ്പ് നടത്തിയതിനു പുറമെ വൗച്ചർ ഒപ്പിടിച്ചും ലക്ഷങ്ങൾ തട്ടിയതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.വിഷ്ണു പ്രസാദ് തന്റെ സ്വന്തം അക്കൗണ്ടിലേക്ക് ഏഴുലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെ ഇരുപതു ലക്ഷത്തോളംരൂപ വെട്ടിപ്പ് നടത്തിയതിന്റെ രേഖകൾ കണ്ടെത്തിയതായാണ് സൂചന. പ്രളയ ദുരിത ബാധിതർക്ക് ആദ്യ ഘട്ടത്തിൽ അനുവദിച്ച 10,000 രൂപ തിരികെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.തുക തിരികെ വാങ്ങിയതായി വൗച്ചറിൽ വിഷ്ണു തന്ത്രപൂർവം ജൂനിയർ സൂപ്രണ്ടുമാരെക്കൊണ്ടാണ് ഒപ്പിടിച്ചു.എന്നാൽ തിരികെ ലഭിച്ച തുക കണക്കിൽ പെടുത്താതെ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. വൗച്ചർ ഒപ്പിട്ട ജൂനിയർ സൂപ്രണ്ടുമാരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യും.ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നിരുന്നില്ല.പ്രളയ ഫണ്ട് കേസിൽ ഇതുവരെ 83 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി .ക്രൈം ബ്രാഞ്ച് കണ്ടെത്തി.അറുപതിനായിരം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 83 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്താനായത്.വിഷ്ണു പ്രസാദ് തന്റെ സ്വന്തം അക്കൗണ്ട് വഴിയും വെട്ടിപ്പ് നടത്തി

2018ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം കളക്ടറേറ്റ് ജീവനക്കാരൻ കാക്കനാട്ടെ സി.പി.എം പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായിരുന്ന എം.എം.അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.


--